വയല്‍ക്കിളികള്‍ കോണ്‍ഗ്രസുകാര്‍; ചര്‍ച്ചയ്ക്കില്ലെന്ന് ജി സുധാകരന്‍

വയല്‍ക്കിളികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കില്ലെന്നും സമരം നടത്തുന്നവര്‍ക്ക് ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാന്‍ ഇല്ലെന്നും സുധാകരന്‍- സുധീരന്‍ സമയം കളയരുത്‌ 
വയല്‍ക്കിളികള്‍ കോണ്‍ഗ്രസുകാര്‍; ചര്‍ച്ചയ്ക്കില്ലെന്ന് ജി സുധാകരന്‍

കൊച്ചി: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ പിന്തുണച്ച് എത്തിയവര്‍ക്കെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. വയല്‍ക്കിളികള്‍ കോണ്‍ഗ്രസുകാരാണ്. ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്.

വയല്‍ക്കിളികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കില്ലെന്നും സമരം നടത്തുന്നവര്‍ക്ക് ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാന്‍ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.

ദേശീയപാത നിര്‍മിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. കേന്ദ്രസര്‍ക്കാരാണ് പാത നിര്‍മിക്കുന്നത്. ഏറ്റവും പ്രയാസം കുറഞ്ഞ അലൈന്‍മെന്റാണെന്നാണ് അവര്‍ പറയുന്നത്. അതാണ് ഇപ്പോഴത്തെ നിലപാട്. അത് മാറ്റിപ്പറയുകയാണെങ്കില്‍ അപ്പോള്‍ നിലപാടറിയിക്കാമെന്നും മന്ത്രി പറഞ്ഞു. 

കീഴാറ്റൂരില്‍ സമരം ചെയ്‌തോട്ടെ. അക്കാര്യത്തില്‍ തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമൊന്നുമില്ല. സമരത്തേക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോടല്ല കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് അഭിപ്രായം ചോദിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന അലൈന്‍മെന്റ്, അത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് വലിയ ഭേദഗതികളില്ലാതെ ഞങ്ങളും അംഗീകരിച്ചുവെന്നേയുള്ളുവെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 

വിഎം സുധീരന്‍, ഷൈനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരാണ് അവിടെ സമരം ചെയ്യാനെത്തിയിരിക്കുന്നത്. ഇവരാരെങ്കിലും ഇന്നേവരെ ഒരുസമരമെങ്കിലും വിജയിപ്പിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴത് കോണ്‍ഗ്രസ് സമരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂര്‍ സമരമല്ല നടക്കുന്നതെന്നും കോണ്‍ഗ്രസിന്റെ കണ്ണൂര്‍ സമരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വിഷയത്തില്‍ യാതൊരു ആകാംഷയും സര്‍ക്കാരിനില്ല. പ്രശ്‌നങ്ങളൊക്കെ അവിടെ ചിലര്‍ ഉണ്ടാക്കുന്നതാണ്. അത് അവര്‍തന്നെ പരിഹരിച്ചോളും. സിപിഎമ്മിന് പ്രത്യേകിച്ച് ദേശീയ പാതയൊന്നും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വയല്‍ കിളി സമരത്തെ പിന്തുണച്ച് വി. സുധീരന്‍ സമയം കളയരുതെന്നും അദ്ദേഹം ഉപദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com