എസ് ജയചന്ദ്രന്‍ നായര്‍ 'പത്രാധിപ ചെറ്റ': അധിക്ഷേപവുമായി എന്‍എസ് മാധവന്‍

എസ് ജയചന്ദ്രന്‍ നായര്‍ 'പത്രാധിപ ചെറ്റ': അധിക്ഷേപവുമായി എന്‍എസ് മാധവന്‍
എസ് ജയചന്ദ്രന്‍ നായര്‍ 'പത്രാധിപ ചെറ്റ': അധിക്ഷേപവുമായി എന്‍എസ് മാധവന്‍

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പത്രാധിപരുമായ എസ് ജയചന്ദ്രന്‍ നായരെ അധിക്ഷേപിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. എസ് ജയചന്ദ്രന്‍ നായര്‍ ആ പണിക്കു പറ്റാത്ത, മലയാളമറിയാത്ത, മാര്‍വാടി പത്രമുടമയുടെ ശേവുകനായിരുന്നു എന്ന് മാധവന്‍ അഭിപ്രായപ്പെട്ടു. ട്വിറ്ററില്‍ ഇതു സംബന്ധിച്ചു നടന്ന ചര്‍ച്ചയ്ക്കിടെ എസ് ജയചന്ദ്രന്‍ നായരെ പത്രാധിപ ചെറ്റ എന്നു അധിക്ഷേപിക്കുന്നുമുണ്ട് എന്‍എസ് മാധവന്‍.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എം സുകുമാരനെക്കുറിച്ചുള്ള ലേഖനവുമായി ബന്ധപ്പെട്ടാണ് എന്‍എസ് മാധവന്റെ പരാമര്‍ശം. ആഴ്ചപ്പതിപ്പില്‍ കെഎസ് രവികുമാര്‍ എഴുതിയ എം സുകുമാരനെക്കുറിച്ചുള്ള ലേഖനത്തില്‍, പിതൃതര്‍പ്പണം എന്ന കഥ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ഒരു വാക്ക് പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായര്‍ വെട്ടിക്കളഞ്ഞതായി പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി, 'എം സുകുമാരന്റെ കഥയില്‍ നിന്ന് 'നാറിയ' എന്ന വാക്ക് വെട്ടിമാറ്റിയ എഡിറ്റര്‍ എം ജയചന്ദ്രന്‍ നായര്‍, ആ പണിക്ക് പറ്റാത്ത, മലയാളമറിയാത്ത,  മാര്‍വാടി പത്രമുടമയുടെ,  ശേവുകനായിരുന്നു' എന്ന് മാധവന്‍ ട്വീറ്റ് ചെയ്തു. പിന്നീട് ഇനിഷ്യല്‍ തെറ്റിയതു ബോധ്യപ്പെട്ടപ്പോഴാണ് 'എം അല്ല, എസ് ജയചന്ദ്രന്‍ നായര്‍ എന്നാണ് പത്രാധിപ ചെറ്റയുടെ ഇനിഷ്യല്‍'  എന്ന കമന്റ്.

മാധവന്റെ ട്വീറ്റിനു താഴെ ഇതു കടുത്ത പ്രയോഗമായെന്നു ചൂണ്ടിക്കാട്ടിയവരോട് ഇതൊന്നും പോര എന്ന അര്‍ഥത്തില്‍ പ്രതികരിക്കുന്നുമുണ്ട്, എഴുത്തുകാരന്‍. ടിപി വധത്തിന്റെ പശ്ചാത്തലത്തില്‍ പ്രഭാവര്‍മയുടെ ശ്യാമ മാധവം എന്ന കവിത ഇടയ്ക്കു വച്ചു നിര്‍ത്തിയതും എസ് ജയചന്ദ്രന്‍ നായരെ ചെറ്റ എന്നു വിളിക്കാന്‍ കാരണമാണെന്ന് വിശദീകരിക്കുന്നുണ്ട് മാധവന്‍. 

പിതൃതര്‍പ്പണത്തിലെ 'നാറിയ' എന്ന വാക്കു വെട്ടിയതിന്റെ പേരിലാണ് മാധവന്‍ ജയചന്ദ്രന്‍ നായരെ അധിക്ഷേപിക്കുന്നതെങ്കിലും, ആ വാക്കു വെട്ടിയത് നന്നായി എന്നു സുകുമാരന്‍ പ്രതികരിച്ചതായാണ് മതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനത്തില്‍ പറയുന്നത്. ലേഖനത്തിലെ ആ ഭാഗം മാധവന്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. '' പിതൃദര്‍പ്പണം എഴുതിയപ്പോഴേക്കും പ്രത്യയശാസ്ത്ര വിശ്വാസം ഏതാണ്ട് കൊഴിഞ്ഞുപോയിരുന്നു. ആ കഥ പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു വാക്കു മാത്രം പത്രാധിപര്‍ എസ് ജയചന്ദ്രന്‍  നായര്‍ വെട്ടിക്കളഞ്ഞതും സുകുമാരന്‍ ഒരിക്കല്‍ പറഞ്ഞു. കഥയില്‍ മുഖ്യ കഥാപാത്രമായ വേണുകുമാര മേനോനെ തൂങ്ങിമരിച്ച നിലയില്‍ കാണുമ്പോള്‍ ആ തലയില്‍ ഒരു ഗാന്ധിത്തൊപ്പിയുണ്ടായിരുന്നു. മുഷിഞ്ഞുനാറിയ ഗാന്ധിത്തൊപ്പി എന്നായിരുന്നു സുകുമാരന്‍ എഴുതിയിരുന്നത്. അതിലെ നാറിയ എന്ന പദമാണ് വെട്ടിക്കളഞ്ഞത്. അത് ഉചിതമായി എന്ന മട്ടിലാണ് പറഞ്ഞത്.''

മാധവന്റെ ട്വീറ്റിനു താഴെ എസ് ജയചന്ദ്രന്‍ നായരെ അധിക്ഷേപിച്ച് മാധ്യമ പ്രവര്‍ത്തകനായ എന്‍ മാധവന്‍കുട്ടിയും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മാധവന്‍ തെറ്റായി എഴുതിയ എം എന്ന ഇനിഷ്യല്‍ കൃത്യമാണെന്നും #OMKV എന്നുമാണ് മാധവന്‍കുട്ടിയുടെ ട്വീറ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com