ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി പ്രദര്‍ശിപ്പിക്കാന്‍ നീക്കം ; ടൂറിസം മേഖലയില്‍ കുതിപ്പിന് വഴിയൊരുക്കുമെന്ന് വിലയിരുത്തല്‍

ലോകത്തു ലഭ്യമായ ഏറ്റവും ശാസ്ത്രീയമായ സുരക്ഷ ഒരുക്കുന്നതുള്‍പ്പെടെ 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി പ്രദര്‍ശിപ്പിക്കാന്‍ നീക്കം ; ടൂറിസം മേഖലയില്‍ കുതിപ്പിന് വഴിയൊരുക്കുമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം :  ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറയിലെ അമൂല്യനിധി പ്രദര്‍ശിപ്പിക്കാന്‍ നീക്കം സജീവമായി. 300 കോടി രൂപ മുടക്കി നിധിയുടെ പ്രദര്‍ശനശാലയൊരുക്കാനുള്ള നിര്‍ദേശം തിരുവനന്തപുരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരുമായി ചര്‍ച്ച ചെയ്തു. സുപ്രീം കോടതിയുടെയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും അനുവാദം ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. 

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ട്രിവാന്‍ഡ്രം സിറ്റി കണക്ട്, ട്രിവാന്‍ഡ്രം അജന്‍ഡ ടാസ്‌ക് ഫോഴ്‌സ്, കോണ്‍ഫെഡറഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തിലാണ് നിധി പ്രദര്‍ശനം സംബന്ധിച്ച കരടുപദ്ധതിക്ക് രൂപംനല്‍കിയത്. നിധിപ്രദര്‍ശനം സംസ്ഥാനത്തിന്റെ ടൂറിസം രംഗത്ത് വിപ്ലവകരമായ കുതിപ്പിനു വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. 

പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം തന്നെ പ്രദര്‍ശനശാലയൊരുക്കാമെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ലോകത്തു ലഭ്യമായ ഏറ്റവും ശാസ്ത്രീയമായ സുരക്ഷ ഒരുക്കുന്നതുള്‍പ്പെടെ 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകരില്‍ നിന്നു മാത്രം പ്രതിവര്‍ഷം 50 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നും വിലയിരുത്തുന്നു. 

കഴിഞ്ഞദിവസം സംഘടനാഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ സുപ്രീം കോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും രാജകുടുംബത്തിന്റെയും അനുമതിയുണ്ടെങ്കില്‍ ഫണ്ട് അനുവദിക്കാന്‍ തടസ്സമില്ലെന്നാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചത്.  തുടര്‍ന്ന്, മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ മറ്റ് അനുമതികള്‍ ലഭിച്ചാല്‍, സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണസഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും സംഘടനാനേതാക്കള്‍ ചര്‍ച്ച നടത്തി. രാജകുടുംബത്തിന്റെ അനുമതിയോടെ വിശദമായ പദ്ധതി രൂപരേഖ തയാറാക്കി സുപ്രീം കോടതിയെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും സമീപിക്കാനാണ് സംഘടനകളുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com