രഹനാസ് അഭിഭാഷകയായി; പെണ്‍കുട്ടികള്‍ക്കു മാതൃകയായി

രഹനാസ് അഭിഭാഷകയായി; പെണ്‍കുട്ടികള്‍ക്കു മാതൃകയായി
രഹനാസ് അഭിഭാഷകയായി; പെണ്‍കുട്ടികള്‍ക്കു മാതൃകയായി
Updated on
2 min read

കൊച്ചി: രഹനാസ് ഇനി അഡ്വക്കേറ്റ് രഹനാസ്. കണ്ണൂര്‍ സ്വദേശിയായ ഈ ഇരുപത്തിയഞ്ചുകാരി സമീപ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഇരയായി മറഞ്ഞു നില്‍ക്കാതെ പുറത്തുവന്ന് സ്വയം വെളിപ്പെടുത്തിയതിന്റെ പേരിലായിരുന്നു. സ്വന്തം അച്ഛനുള്‍പ്പെടെ 12 പേരുടെ ലൈംഗിക പീഡനത്തിന് ഇരയായ കൗമാരക്കാരിയില്‍ നിന്ന് നിയമബിരുദധാരിയിലേക്കുള്ള കുതിപ്പിന് കരുത്തു നല്‍കിയ ഇച്ഛാശക്തി കേരളത്തിനു മാതൃകയാണ്. ശനിയാഴ്ച ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ അഭിഭാഷകരായി എന്റോള്‍ ചെയ്ത 760 പേരിലൊരാളാണ് രഹനാസ്്്. 

ഞാനെന്തിനു മറഞ്ഞിരിക്കണം എന്ന രഹനാസിന്റെ ചോദ്യം പുറത്തുകൊണ്ടുവന്നത് സമകാലിക മലയാളം വാരികയാണ്. ''അങ്ങനെ മൂടിവയ്ക്കപ്പെടേണ്ട ഒന്നാണ് എന്റെ വ്യക്തിത്വം എന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്ക് എന്റേതായ ഒരു പേരുണ്ടല്ലോ; അതുകൊണ്ട് സ്ഥലപ്പേരില്‍ അറിയപ്പെടേണ്ട കാര്യവുമില്ല. ഒരു കൊച്ചുപെണ്‍കുട്ടി ആയിരിക്കെ മനുഷ്യത്വമില്ലാതെ എന്നെ ബുദ്ധിമുട്ടിച്ചവരെയൊക്കെ കോടതി ശിക്ഷിച്ചു. മുഖം പുറത്തുകാട്ടാനും സ്വന്തം പേരു വെളിപ്പെടുത്താനും ലജ്ജ തോന്നേണ്ടത് അവര്‍ക്കല്ലേ.'' എന്നാണ് രഹനാസ് ചോദിച്ചത്. 
 
മറ്റു പതിനൊന്നു പേര്‍ക്കുകൂടി സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ അവസരമൊരുക്കിക്കൊടുത്ത എന്‍പികെ ഹാരിസ് ആണ് രഹനാസിന്റെ ബാപ്പ. ഒന്നാം പ്രതി. അയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നു. രണ്ടാം പ്രതി അന്നേ ഒളിവില്‍ പോയി. പൊലീസിനു കണ്ടെത്താന്‍ കഴിഞ്ഞില്ല. ബാക്കി എല്ലാവര്‍ക്കും രണ്ട് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ കഠിന തടവാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി ഇന്ദിര വിധിച്ചത്. ഇരയ്ക്കു നീതി ഉറപ്പാക്കുന്ന വിധത്തില്‍ വേട്ടക്കാരെ മുഴുവന്‍ പഴുതുകളടച്ചു ശിക്ഷിക്കുന്ന വിധി. പോക്‌സോ നിയമം വരുന്നതിനും മുമ്പായിരുന്നു അത്. അന്ന് കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ കേസന്വേഷണം വളരെ നന്നായി നടന്നതും പ്രതികള്‍ക്ക് കടുത്ത ശിക്ഷ കിട്ടാനിടയാക്കി. അന്വേഷണ സംഘത്ത നയിച്ചവരുടെ ജാഗ്രത മൂലം അന്വേഷണത്തിന്റെ പേരിലുള്ള ബുദ്ധിമുട്ടിക്കലുകള്‍ രഹനാസിനു കാര്യമായി ഉണ്ടായില്ല. അതേതായാലും സംസ്ഥാനത്തെ മറ്റും പല ലൈംഗിക പീഡനക്കേസ് അന്വേഷണങ്ങളുടെയും ചരിത്രത്തില്‍ നിന്നു വേറിട്ട അനുഭവമായി. കേസായി, അടുത്ത വര്‍ഷംതന്നെ വിധിയും വന്നു.

പൊതുപരിപാടികളുടെ മൈക്ക് അനൗണ്‍സ്‌മെന്റ് ജോലിയായിരുന്നു ഹാരിസിന്. നിയന്ത്രണമില്ലാതെ കുടിച്ച് വീട്ടിലെത്തിയാല്‍ ഭാര്യയ്ക്കും നാല് മക്കള്‍ക്കും ചീത്തവിളിയും തല്ലും. മൂത്തമകളാണ് രഹനാസ്. താഴെ രണ്ട് അനിയത്തിമാരും ആങ്ങളയും. മക്കളെ പഠിപ്പിക്കുന്നതിലൊന്നും ഹാരിസിന് താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ഒമ്പതാം ക്ലാസില്‍ എത്തുന്നതിനു മുമ്പു മൂത്ത മകളുടെ പഠനം പലവട്ടം നിലച്ചു; ഒമ്പതാം ക്ലാസ്സില്‍വച്ച് പൂര്‍ണമായും. പഠിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. പക്ഷേ, മിക്ക ദിവസങ്ങളിലും സ്്കൂളില്‍ പോകാന്‍ പറ്റാറില്ല. പപ്പടം ഉണ്ടാക്കുന്നിടത്തും തുണിക്കടയിലുമൊക്കെ ഹാരിസ് ഇടയ്ക്കു കൊണ്ടുചെന്നു ജോലിക്കു നിര്‍ത്തി. പിന്നീട് ഹാരിസിനും മറ്റുള്ളവര്‍ക്കും എതിരേ പൊലീസ് കേസെടുത്തതോടെ ജീവിതം തിരുവനന്തപുരത്തേക്കു മാറി. രഹനാസിന്റെ ദുരിതജീവിതത്തില്‍ ഇടപെട്ട പ്രാദേശിക സാമൂഹികപ്രവര്‍ത്തകരാണ് അതിനും വഴിയൊരുക്കിയത്. 

തിരുവനന്തപുരത്തെത്തി വൈകാതെ പഠനം തുടര്‍ന്നു. 2009 മാര്‍ച്ചില്‍ പത്താം ക്ലാസ് ജയിച്ചു. ആ വര്‍ഷം തന്നെയാണ് കേസില്‍ വിധിയും ഉണ്ടായത്. തനിക്കുണ്ടായ ദുരനുഭവങ്ങള്‍ക്കു പിന്നിലെ ആളുകളേക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോടും കോടതിയിലും പറയാന്‍ മടിച്ചില്ല. അവര്‍ക്ക് ശിക്ഷ ലഭിക്കുക തന്നെ വേണമെന്ന് ഉറച്ചാണ് രഹനാസ് നീങ്ങിയത്. അതിനു ഫലമുണ്ടായി. തലശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ആയിരുന്ന കെ പി ഇന്ദിരയുടെ വിധി രഹനാസിന് ഊര്‍ജ്ജം പകര്‍ന്നു. പഠനം തുടരുകയും ഇവിടെ വരെ എത്തുകയും ചെയ്യാനുള്ള കരുത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com