

കോഴിക്കോട്: ‘‘സജീഷേട്ടാ, അയാം ഓൾമോസ്റ്റ് ഓൺ ദി വേ. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല... സോറി. നമ്മുടെ മക്കളെ നന്നായി നോക്കണേ. പാവം കുഞ്ചു. അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം... നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്, പ്ലീസ്. വിത്ത് ലോട്ട്സ് ഓഫ് ലവ്.’’
മരണം മാടിവിളിക്കുന്ന നേരത്ത് പേരാമ്പ്രയിലെ നഴ്സ് ലിനി ഭർത്താവ് സജീഷിനെഴുതിയ കത്താണിത്. സോഷ്യൽ മീഡിയയിലെ മലയാളിസമൂഹം ഒരിറ്റ് കണ്ണീരോടെയാണ് ഈ കുറിപ്പ് ഷെയർ ചെയ്യുന്നത്; ഒപ്പം സ്വന്തം ജീവൻ നൽകിയും മറ്റൊരാളെ പരിചരിച്ച ലിനിക്കുവേണ്ടിയുള്ള പ്രാർഥനയോടെയും.
"സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. sorry...
നമ്മുടെ മക്കളെ നന്നായി നോക്കണേ...
പാവം കുഞ്ചു. അവനെയൊന്ന് ഗൾഫിൽകൊണ്ടുപോകണം...
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please...
with lots of love"
ഇതാണ് ആ കത്തിലെ വാചകങ്ങൾ. പേരാമ്പ്ര ഗവ. താലൂക്കാശുപത്രി നഴ്സ് ചെമ്പനോട കുറത്തിപ്പാറ പരേതനായ പുതുശ്ശേരി നാണുവിെൻറ മകൾ പി.എൻ. ലിനി (31) മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിൽ സാബിത്തിനെ താലൂക്കാശുപത്രിയിൽ പരിചരിച്ച നഴ്സാണ് ലിനി. മേയ് അഞ്ചിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവ് മരിച്ചു. പിന്നീട് പനിബാധിച്ച ലിനിക്ക് 17ന് പേരാമ്പ്ര ഗവ. ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നു. ഭേദമാവാത്തതിനാൽ 19ന് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ബന്ധുക്കളുടെ അനുവാദത്തോടെ മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. ബഹ്റൈനിൽ ജോലിചെയ്യുന്ന വടകര പുത്തൂർ സ്വദേശി സജീഷിെൻറ ഭാര്യയാണ്. മാതാവ്: രാധ. മക്കൾ: സിദ്ധാർഥ് (അഞ്ച്), റിതുൽ (രണ്ട്).
നിപ്പാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ലിനി എഴുതിയ അവസാന കത്ത് ഇന്ന് എല്ലാവരേയും നൊമ്പരപ്പെടുത്തുകയാണ്. ആതുരസേവനത്തിനിടെ ജീവന്‍ ത്യജിച്ച ആ മാലാഖയ്ക്ക് വേണ്ടി കണ്ണീരൊഴുക്കുകയാണ് നാടൊന്നാകെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates