സജീഷ് ഇനി തിരിച്ചുപോകുന്നില്ല; കുഞ്ചുവിനും സിദ്ധുവിനും ഇനി അച്ഛന്‍ മാത്രം

സിദ്ധുവിന് രണ്ടും കുഞ്ചുവിന് അഞ്ചുമാണ് പ്രായം. വീട്ടിലേക്ക് ആളുകള്‍ എത്തുന്നത് എന്തിനെന്നറിയാതെ കളിയിലാണ് ഇരുവരും
സജീഷ് ഇനി തിരിച്ചുപോകുന്നില്ല; കുഞ്ചുവിനും സിദ്ധുവിനും ഇനി അച്ഛന്‍ മാത്രം

കോഴിക്കോട്: ലിനി വിട്ടുപോയെങ്കിലും അതൊന്നുമറിയാതെ സിദ്ധു ഇടയ്ക്കിടയ്ക്ക് അമ്മയെ തേടും. എപ്പോഴും വീട്ടില്‍ ആളുകള്‍ എത്തുന്നതിനെ തുടര്‍ന്ന് അമ്മയ്ക്ക് എന്തോ അപകടം പറ്റിയെന്ന് കുഞ്ചുവിനുമറിയാം. ഇടയ്ക്ക് ഇടയ്ക്ക് കുട്ടികള്‍ അമ്മയെ ചോദിച്ച് നിലവിളിച്ചതോടെ നിറഞ്ഞ കണ്ണുകളോടെ വാക്കുകള്‍ ഇടറി സജീഷ് ആ കുഞ്ഞുങ്ങളോട് പറഞ്ഞു ഇനി അച്ഛനേയുള്ളുവെന്ന്. 

നിപാ വൈറസ് ബാധയേറ്റ് തിങ്കളാഴ്ച പുലര്‍ച്ച മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനിയുടെ മക്കളാണ് കുഞ്ചുവും സിദ്ധുവും. സിദ്ധുവിന് രണ്ടും കുഞ്ചുവിന് അഞ്ചുമാണ് പ്രായം. വീട്ടിലേക്ക് ആളുകള്‍ എത്തുന്നത് എന്തിനെന്നറിയാതെ കളിയിലാണ് ഇരുവരും. സുരക്ഷാ കാരണങ്ങളാല്‍ മൃതദേഹം പെട്ടന്നു സംസ്‌കരിച്ചതിനാല്‍ മക്കള്‍ക്ക് അവസാനമായി അമ്മയെ ഒരു നോക്കുകാണാന്‍ പോലും  കഴിഞ്ഞിരുന്നില്ല. 

മരണക്കിടക്കയില്‍ നിന്ന് ലിനി അവസാനമെഴുതിയ കത്തില്‍ മക്കളെ നോക്കണമെന്നും അവരെ തനിച്ചാക്കരുതെന്നും പറഞ്ഞിരുന്നു. പ്രിയതമയുടെ ആഗ്രഹം പോലെ പ്രവാസജീവിതം അവസാനിപ്പിക്കുകയാണ് സജീഷ്. നന്നായി പഠിച്ചാല്‍ അച്ഛനൊപ്പം ഗള്‍ഫില്‍ പോകാമെന്ന് കുഞ്ചുവിനോട് ലിനി പറയാറുണ്ടായിരുന്നു. കുഞ്ചുവിന്റെ ആഗ്രഹം സാധ്യമാക്കണമെന്നും  കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു

ലിനിയുടെ അമ്മയും അയല്‍വാസിയും ഇപ്പോഴും പനിബാധിച്ച് ആശുപത്രിയിലാണ്. താലൂക്കാശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് ലിനി ജോലി ചെയ്തിരുന്നത്. അതിനാല്‍ ചട്ടപ്രകാരം ആശ്രിതനിയമനത്തിന് വകുപ്പില്ല. എന്നാല്‍ സെപ്ഷ്യല്‍ ഉത്തരവ് പ്രകാരം സര്‍ക്കാരിന് ജോലി നല്‍കാം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com