നുണ പ്രചാരണം ആവര്‍ത്തിച്ച് ബിജെപി; അയ്യപ്പ ഭക്തനെ പൊലീസ് മര്‍ദിച്ചു കൊന്നു എന്ന് ശ്രീധരന്‍പിള്ള, പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണം

ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്ന് വ്യക്തമായതോടുകൂടി  മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷന്‍
നുണ പ്രചാരണം ആവര്‍ത്തിച്ച് ബിജെപി; അയ്യപ്പ ഭക്തനെ പൊലീസ് മര്‍ദിച്ചു കൊന്നു എന്ന് ശ്രീധരന്‍പിള്ള, പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണം

തിരുവനന്തപുരം: ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്ന് വ്യക്തമായതോടുകൂടി  മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. കഴിഞ്ഞ പതിനേഴാം തീയതി മുതല്‍ കാണാതായ ശിവദാസന്റെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലാണ് പ്ലാപ്പള്ളി വനത്തില്‍ നിന്നും കണ്ടെടുത്തത്. അയ്യപ്പന്റെ ചിത്രം വെച്ച് സൈക്കിളില്‍ ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് നിരപരാധിയായ ശിവദാസനെ പിണറായിയുടെ പൊലീസ് അക്രമിച്ചതും അടിച്ചു കൊന്നതും അദ്ദേഹം ആരോപിച്ചു.

ഇദ്ദേഹത്തെ കാണാതായ നാള്‍ മുതല്‍ ഈ കേസ് ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണം എന്ന് നേരത്തെ തന്നെ ബിജെപി ആവശ്യപ്പെട്ടിരുന്നു. ജഡം കിട്ടിയതോടെ ബിജെപി ഉന്നയിച്ച സംശയങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.  ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ ഇനി ഒട്ടും അമാന്തിക്കരുത്  ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. 

അയ്യപ്പഭക്തന്റെ അരുംകൊലയുടെ ഉത്തരവാദിത്വത്തില്‍ നിന്നും പൊലീസിലെ ക്രിമിനലുകളെ കയറൂരിവിട്ട് പിണറായി വിജയന്  കൈകഴുകാന്‍ ആവില്ല. എത്രയുംവേഗം മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ശിവദാസ് മരിച്ചത് നിലക്കല്‍ സമര സമയത്ത് അല്ലാ എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി പൊലീസ് വീണ്ടും രംഗത്തെത്തി. മരിച്ചയാള്‍ നിലയ്ക്കല്‍ ഉണ്ടായ പൊലീസ് നടപടിയെ തുടര്‍ന്നാണ് മരിച്ചതെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ സമൂഹത്തില്‍ കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും കേരളാ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അറിയിച്ചു.

നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി ഇതാണ്.

ഇന്ന് പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19 ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പോലീസ് സ്‌റ്റേഷനില്‍ MAN MISSING ന് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്.

പത്തനംതിട്ട – നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍ പമ്പ റൂട്ടിലാണ്. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെതുടര്‍ന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍  പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ഈ വ്യാജവാര്‍ത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണ്.

മരിച്ചയാളുടെ മോപ്പഡ് (മോട്ടര്‍സൈക്കിള്‍ ) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നില്‍ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളത്.

വ്യാജവാര്‍ത്ത നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്കേരളാ പൊലീസ് പോസ്റ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com