കെഎം ഷാജി എംഎല്‍എയെ അയോഗ്യനാക്കി; നടപടി വര്‍ഗീയ പ്രചാരണം നടത്തിയെന്ന നികേഷ് കുമാറിന്റെ ഹര്‍ജിയില്‍

തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മതവിശ്വാസത്തെ ദുരുപയോഗം ചെയ്‌തെന്നു ചൂണ്ടിക്കാട്ടി, എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി
കെഎം ഷാജി എംഎല്‍എയെ അയോഗ്യനാക്കി; നടപടി വര്‍ഗീയ പ്രചാരണം നടത്തിയെന്ന നികേഷ് കുമാറിന്റെ ഹര്‍ജിയില്‍

കൊച്ചി: കണ്ണൂര്‍ അഴീക്കോട് എംഎല്‍എ കെഎം ഷാജി അയോഗ്യനെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മതവിശ്വാസത്തെ ദുരുപയോഗം ചെയ്‌തെന്നു ചൂണ്ടിക്കാട്ടി, എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ആറു വര്‍ഷത്തേക്കാണ് അയോഗ്യത.

ഇസ്ലാം മതസ്ഥരുടെ ഇടയില്‍ വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ഷാജിയുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നികേഷ് ഹര്‍ജി നല്‍കിയത്. കെഎം ഷാജിക്ക് എംഎല്‍എ ആയി തുടരാന്‍ അവകാശമില്ലെന്ന് ജസ്റ്റിസ് പിഡി രാജന്‍ വിധിയില്‍ വ്യക്തമാക്കി. നികേഷ് കുമാറിന് 50,000 രൂപ കോടതി ചെലവു നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി.

വാശിയേറിയ പോരാട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ നികേഷ് കുമാറിനെ 2642 വോട്ടിനാണ് മുസ്ലിം ലീഗിലെ കെഎം ഷാജി തോല്‍പ്പിച്ചത്. 

വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കെഎം ഷാജി അറിയിച്ചു. സ്‌റ്റേ അപേക്ഷ നല്‍കുമെന്നും വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും ഷാജി പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മതേതരമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് ഷാജി പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com