സന്നിധാനത്ത് വനിതാ പൊലീസുകാരുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു ; വിവാദ വെളിപ്പെടുത്തലുമായി വല്‍സന്‍ തില്ലങ്കേരി

സന്നിധാനത്ത് വനിതാ പൊലീസുകാരുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു ; വിവാദ വെളിപ്പെടുത്തലുമായി വല്‍സന്‍ തില്ലങ്കേരി

സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസുകാര്‍ 50 വയസിന് മുകളിലുള്ളവരെന്ന് ഉറപ്പുവരുത്തിയെന്നാണ് തില്ലങ്കേരി അവകാശപ്പെട്ടത്

കോഴിക്കോട് : ശബരിമലയില്‍ ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോള്‍, സന്നിധാനത്ത് സുരക്ഷാ ജോലിക്ക് നിയോഗിച്ച വനിതാ പൊലീസുകാരുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നതായി ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി. കോഴിക്കോട് മുതലക്കുളത്ത്  നടന്ന ശബരിമല ആചാര സംരക്ഷണ സംഗമത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ആര്‍എസ്എസ് നേതാവിന്റെ വെളിപ്പെടുത്തല്‍. സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസുകാര്‍ 50 വയസിന് മുകളിലുള്ളവരെന്ന് ഉറപ്പുവരുത്തിയെന്നാണ് വല്‍സന്‍ തില്ലങ്കേരി അവകാശപ്പെട്ടത്. 

സുരക്ഷ ജോലിക്ക് ചെറുപ്പക്കാരികളായ 50 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയമിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഒരൊറ്റ ആളും തയ്യാറായില്ല. എവിടെപ്പോയി മുഖ്യമന്ത്രി നിങ്ങളുടെ യുവതികളായ 50 വനിതാ പൊലീസുകാര്‍. ശബരിമലയില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞോയെന്ന് വല്‍സന്‍ തില്ലങ്കേരി ചോദിച്ചു. 

സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസില്‍ ഒരാളുടെ ഭര്‍ത്താവിന്റെ പ്രായം 49 ആണെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഭര്‍ത്താവിന്റെ പ്രായം 49 ആണെങ്കില്‍ ഭാര്യയുടെ പ്രായം സാധാരണ ഗതിയില്‍ അതില്‍ താഴെയാകണം. എല്ലാവരുടെയും കാര്യം അങ്ങനെയാകണമെന്നുമില്ല. എന്തായാലും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്പിമാരെ വിവരം അറിയിച്ചു. ഇവര്‍ സന്നിധാനത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. 

സന്നിധാനത്ത് ചെന്നപ്പോള്‍ ആവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും ജനന സര്‍ട്ടിഫിക്കറ്റ് കാണാനുള്ള സൗഭാഗ്യം ഉണ്ടായി. ഈ ഹിന്ദു സമൂഹത്തിന്റെ സംഘടിത ശക്തി, ആ സംഘടിത ശക്തിക്ക് എന്തൊക്കെ നേടാന്‍ കഴിയും എന്നതിന്റെ തെളിവാണ് ഇതെന്ന് വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com