'കാലത്തെ പിന്നോടു നയിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കരുത്' ; 'ശബരിമലയില്‍' തെറ്റുപറ്റിയോയെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി

'കാലത്തെ പിന്നോടു നയിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കരുത്' ; 'ശബരിമലയില്‍' തെറ്റുപറ്റിയോയെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: ശബരിമല വിഷയത്തില്‍ തെറ്റുപറ്റിയോയെന്ന മാധ്യമങ്ങള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലത്തെ പിന്നോട്ടുനയിക്കുന്നവരോട് ഒപ്പം നില്‍ക്കാതിരിക്കാനുള്ള ജാഗ്രത മാധ്യമങ്ങള്‍ പ്രകടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ നിന്ന് ഇന്നലെ രാത്രി അറസ്റ്റ്‌ചെയ്തത് നീക്കിയത് ഭക്തരെയല്ല, സംഘര്‍ഷമുണ്ടാക്കാന്‍ എത്തിയവരെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്തരെ അറസ്റ്റ് ചെയ്തു എന്നു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ഇതു ശരിയാണോയെന്നു പരിശോധിക്കണം. മനപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ എത്തിവരാണ് ഇവര്‍. കേരളത്തെ ഇരുണ്ടകാലത്തേക്കു നയിക്കാന്‍ വരുന്നവര്‍ക്കൊപ്പം മാധ്യമങ്ങള്‍ നില്‍ക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

സുപ്രിം കോടതി വിധി വന്നാല്‍ നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് എന്താണ് ചെയ്യാനാവുക? ഇപ്പോള്‍ പറയുന്നതില്‍നിന്നു വ്യത്യസ്തമായി നാളെ കോടതി മറ്റൊന്നു പറഞ്ഞാല്‍ സര്‍ക്കാര്‍ അതിനൊപ്പം നില്‍ക്കും. ഇന്നലെ മറ്റൊന്നു പറഞ്ഞപ്പോള്‍ അതിനൊപ്പവും നിന്നിട്ടുണ്ട്. നിയമവാഴ്ചയുള്ള രാജ്യത്ത് അതു മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ക്കും പങ്കു വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോടതി വിധിയുണ്ട്, അതുകൊണ്ട് സ്ത്രീകള്‍ എല്ലാവരും കയറട്ടെ എന്ന നിലപാടും സര്‍ക്കാരിനില്ല. വിശ്വാസികളുടെ കാര്യമാണ് കോടതി പറഞ്ഞത്. വിശ്വാസികളായ സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാവില്ല. വിശ്വാസികളോടൊപ്പം തന്നെയാണ് സര്‍ക്കാര്‍ എന്നതില്‍ ഒരു ആശയക്കുഴപ്പവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തെ അപമാനിക്കാനുള്ള ശ്രമം മുന്‍പും ഉണ്ടായിട്ടുണ്ട്. മലയാളികള്‍ ഒന്നിച്ചുനിന്നാണ് അതിനെതിരെ ശബ്ദമുയര്‍ത്തി. ഇപ്പോഴത്തത്തെതും ഒരു അജന്‍ഡയാണ്. ഇന്നുള്ള കേരളം ഇല്ലാതാക്കുകയാണ് അത്. അത് അംഗീകരിച്ചുകൊടുക്കാനാവില്ല. രാജ്യത്തിനാകെ മാതൃകയായാണ് കേരളം പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ ജാതി, മത നിരപേക്ഷ അന്തരീക്ഷം ഇല്ലാതാക്കാന്‍ അനുവദിക്കരുത്. അതിന് എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com