കേന്ദ്രമന്ത്രിയും പൊലീസുമായി തര്‍ക്കം: പമ്പയിലേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് പൊന്‍ രാധാകൃഷ്ണന്‍; ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കുമോയെന്ന് എസ്പി, ഉത്തരവ് എഴുതി നല്‍കിയാല്‍ അനുസരിക്കാമെന്ന് യതീഷ് ചന്ദ്ര

ബരിമല ദര്‍ശനത്തിന് എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും പൊലീസുമായി നിലയ്ക്കലില്‍ തര്‍ക്കം
കേന്ദ്രമന്ത്രിയും പൊലീസുമായി തര്‍ക്കം: പമ്പയിലേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് പൊന്‍ രാധാകൃഷ്ണന്‍; ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കുമോയെന്ന് എസ്പി, ഉത്തരവ് എഴുതി നല്‍കിയാല്‍ അനുസരിക്കാമെന്ന് യതീഷ് ചന്ദ്ര

നിലയ്ക്കല്‍:  ശബരിമല ദര്‍ശനത്തിന് എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും പൊലീസുമായി നിലയ്ക്കലില്‍ തര്‍ക്കം. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് മന്ത്രി ചോദ്യം ചെയ്തു. വാഹന നിയന്ത്രണത്തിനു കാരണം വിശദീകരിക്കാനെത്തിയ എസ്പി യതീഷ് ചന്ദ്രയുമായാണ് തര്‍ക്കമുണ്ടായത്. 

പമ്പയിലേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് എന്തുകൊണ്ടെന്ന് മന്ത്രി ചോദിച്ചു. പമ്പയില്‍ പാര്‍ക്കിങ് സൗകര്യമില്ലെന്ന് എസ്പി അറിയിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടല്ലോ, പിന്നെ എന്തുകൊണ്ടാണ് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തതെന്ന് മന്ത്രി ചോദിച്ചു. തന്റെ വാഹനവും കടത്തിവിടില്ലേയെന്നും മന്ത്രി ആരാഞ്ഞു. വിഐപി വാഹനങ്ങള്‍ക്കു പോവാന്‍ അനുവാദമുണ്ടെന്ന് എസ്പി അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടാല്‍ വന്‍ ഗതാഗതക്കുരുക്കുണ്ടാവുമെന്ന് എസ്പി പറഞ്ഞു.

തുടര്‍ന്നും സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍  മന്ത്രി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നായി എസ്പി. പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും എസ്പി വിശദീകരിച്ചു. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്നാണ് മന്ത്രി പറയുന്നതെങ്കില്‍ ഇക്കാര്യം ഉത്തരവായി എഴുതി നല്‍കണമെന്ന് എസ്പി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും തനിക്ക് അതിനുള്ള അധികാരമില്ലെന്നു പറഞ്ഞ് മന്ത്രി പിന്തിരിഞ്ഞു. ഇതിനിടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ എസ്പിക്കു നേരെ തട്ടിക്കയറിയെങ്കിലും പൊലീസ് പ്രതികരിച്ചില്ല.

തീര്‍ഥാടകരെ പീഡിപ്പിക്കുകയാണെന്ന് പൊന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. എല്ലാവരും കേരള സര്‍ക്കാര്‍ വാഹനത്തില്‍ തന്നെ വരണമെന്നാണോ പറയുന്നതെന്ന് മന്ത്രി ചോദിച്ചു. ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത നിയന്ത്രണമാണ് ശബരിമലയില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ മന്ത്രി യാത്ര തുടര്‍ന്നു

യുവതീപ്രവേശന വിധിയെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളാണ് പൊലീസ് നിയന്ത്രണത്തിനു കാരണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതു രണ്ടും രണ്ടു വിഷയമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭക്തന്‍ എന്ന നിലയിലാണ് താന്‍ ശബരിമലയില്‍ വന്നത്. യുവതീപ്രവേശന വിഷയത്തില്‍ അഭിപ്രായം പറയാന്‍ സമയമില്ലെന്നും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com