ദേശീയ നേതൃത്വവും കൈവിട്ടു, മന്ത്രി മാത്യു ടി തോമസ് പുറത്തേക്ക് ? ; മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നല്‍കിയേക്കും

മന്ത്രിയെ മാറ്റുന്ന കാര്യത്തിൽ ദേവ​ഗൗഡ വൈകീട്ട് തീരുമാനം പ്രഖ്യാപിച്ചേക്കും
ദേശീയ നേതൃത്വവും കൈവിട്ടു, മന്ത്രി മാത്യു ടി തോമസ് പുറത്തേക്ക് ? ; മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നല്‍കിയേക്കും


ബംഗളൂരു : ജലവിഭവമന്ത്രി മാത്യു ടി തോമസ് പുറത്തേക്ക്. മന്ത്രിയെ മാറ്റാന്‍ ജനതാദള്‍ എസ് ദേശീയ നേതൃത്വം നിലപാട് സ്വീകരിച്ചതായി സൂചന. മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ജെഡിഎസ് സംസ്ഥാന നേതാക്കളും എംഎല്‍എമാരുമായ കെ കൃഷ്ണന്‍കുട്ടിയും സി കെ നാണുവും ഇന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് മന്ത്രിമാറ്റത്തില്‍ തീരുമാനമായത്. 

രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിപദം പാര്‍ട്ടിയില്‍ വെച്ചുമാറാമെന്ന് ധാരണയുണ്ടായിരുന്നുവെന്ന് ദേവഗൗഡ വ്യക്തമാക്കിയതായി സി കെ നാണു പറഞ്ഞു. മന്ത്രിയെ മാറ്റുമെന്നാണ് പ്രതീക്ഷയെന്നും ദേവഗൗഡയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സി കെ നാണു എംഎല്‍എ പ്രതികരിച്ചു. ജെഡിഎസ് സംസ്ഥാന കമ്മിറ്റി നേരത്തെ മന്ത്രി സ്ഥാനത്ത് നിന്നും മാത്യു ടി തോമസ് മാറണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്  പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയെ ദേവഗൗഡ നിയോഗിക്കുകയായിരുന്നു. 

ഡാനിഷ് അലി നല്‍കിയ റിപ്പോര്‍ട്ടും മാത്യു ടി തോമസിന് എതിരായിരുന്നുവെന്നാണ് സൂചന. അതേസമയം മന്ത്രിപദവി വെച്ചുമാറാന്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണ ഇല്ലെന്നാണ് മാത്യു ടി തോമസിനെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ചക്കില്ലെന്ന നിലപാടിലായിരുന്നു മന്ത്രി. ദേശീയ നേതൃത്വം വിളിച്ച ഇന്നത്തെ ചർച്ചയിലും മാത്യു ടി തോമസ് പങ്കെടുത്തിരുന്നില്ല. 

ഡാനിഷ് അലി ബംഗളൂരുവില്‍ പാര്‍ട്ടി തീരുമാനം പ്രഖ്യാപിക്കും. ഇതിന് പിന്നാലെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായ സി കെ നാണു മന്ത്രിയെ മാറ്റാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. ഇടതുമുന്നണിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തുനല്‍കും.  ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com