നാളെ ശബരിമല നട തുറക്കും: സന്നിധാനത്ത് അടക്കം കനത്ത സുരക്ഷ

സുപ്രീം കോടതി വിധി പ്രകാരം നാളെ നട തുറക്കുമ്പോള്‍ മുതല്‍ യുവതികള്‍ക്കും സന്നിധാനത്തെത്താം.
നാളെ ശബരിമല നട തുറക്കും: സന്നിധാനത്ത് അടക്കം കനത്ത സുരക്ഷ

പത്തനംതിട്ട: ശബരിമല നട നാളെ തുറക്കാനിരിക്കെ പ്രതിഷേധം കടുപ്പിച്ച് വിവിധ ഹിന്ദുസംഘടനകള്‍. കനത്ത സുരക്ഷയൊരുക്കി വിധി നടപ്പാക്കാന്‍ പൊലീസും തീരുമാനിച്ചു. കാര്യങ്ങള്‍ കൈ വിട്ടു പോകരുത് എന്നാണ്, സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനും പൊലീസിനും നല്‍കിയ നിര്‍ദേശം. 

സുപ്രീം കോടതി വിധി പ്രകാരം നാളെ നട തുറക്കുമ്പോള്‍ മുതല്‍ യുവതികള്‍ക്കും സന്നിധാനത്തെത്താം. പക്ഷെ യുവതികള്‍ എത്തിയാല്‍ പ്രതിഷേധക്കാര്‍ തടയുമോ എന്നതാണ് ആശങ്ക. നാളെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ വിശ്വാസി സംഗമം നടത്തും. ഹിന്ദു ഐക്യ വേദി അടക്കം ഉള്ള സംഘടനകളുടെ കൂട്ടായ്മ ശബരിമല കര്‍മ്മ സമിതി എരുമേലിയിലും നിലക്കലിലും നാളെ രാവിലെ മുതല്‍ ഉപവസിക്കും. 

അയ്യപ്പ ധര്‍മ സേന പമ്പ നിലക്കല്‍ എരുമേലി എന്നിവിടങ്ങളില്‍ നാളെ രാവിലെ മുതല്‍ 125 മണിക്കൂര്‍ പ്രതിരോധം തീര്‍ക്കുമെന്നാണ് അറിയിച്ചത്. അതേസമയം പമ്പ നിലക്കല്‍ എരുമേലി സന്നിധാനം അടക്കം എല്ലായിടത്തും കനത്ത സുരക്ഷ ഏര്‍പ്പാടാക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് പൊലീസ്. ഡിജിപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതി വിലയിരുത്തി. 

പമ്പയിലും നിലക്കലിലും എരുമേലിയിലും വനിതാ പൊലീസ് ഉണ്ടാകും. തുലാമാസ പൂജക്ക് യുവതികള്‍ കാര്യമായിയെത്തില്ലെന്ന് കണക്കു കൂട്ടലിലാണ് ദേവസ്വം ബോര്‍ഡ്. പക്ഷെ യുവതികള്‍ കൂട്ടത്തോടെ എത്തിയാല്‍ എന്ത് ചെയ്യുമെന്നതില്‍  ബോര്‍ഡിന് വ്യക്തത ഇല്ല. വിധി നടപ്പാക്കണം എന്ന് സര്‍ക്കാര്‍ പറയുമ്പോഴും അനിഷ്ട സംഭവം ഉണ്ടായാല്‍ വന്‍ തിരിച്ചടി നേരിടും എന്ന ആശങ്കയും ബാക്കിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com