സംഘര്‍ഷങ്ങള്‍ക്കിടയില്‍ ശബരിമല നട ഇന്നുതുറക്കും; കനത്ത ജാഗ്രത 

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും
സംഘര്‍ഷങ്ങള്‍ക്കിടയില്‍ ശബരിമല നട ഇന്നുതുറക്കും; കനത്ത ജാഗ്രത 

പത്തനംതിട്ട : തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന്  ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. ഇന്ന് പൂജകള്‍ ഉണ്ടാവില്ല. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. തുലാമാസം ഒന്നായ 18 ന് രാവിലെ നിര്‍മാല്യവും പതിവ് പൂജകളും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. ഉഷപൂജയ്ക്ക് ശേഷം ശബരിമലയിലെ മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. പട്ടികയില്‍ ഇടംനേടിയ ഒമ്പതുശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട്, പന്തളം കൊട്ടാരത്തില്‍നിന്ന് എത്തുന്ന കുട്ടികള്‍ നറുക്ക് എടുക്കും. 

തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും നടക്കും. ഒമ്പതുപേരാണ് മേല്‍ശാന്തി പട്ടികയിലുമുള്ളത്. തെരഞ്ഞെടുക്കപ്പെട്ട  ഇരുമേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. അടുത്ത ഒരു വര്‍ഷമാണ് ഇവരുടെ കാലാവധി. ഇവര്‍ നവംബര്‍ 16ന്  ഇരുമുടിക്കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് അഭിഷേകംനടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ച് ശ്രീകോവിലിലേക്ക് ആനയിക്കും.  വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേല്‍ശാന്തിയായിരിക്കും.  അഞ്ചുദിവസത്തെ തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 22ന് രാത്രി  അടയ്ക്കും.

അതേസമയം പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ശബരിമല. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് ഹൈന്ദവ സംഘടനകള്‍ പറയുന്നത്. എന്നാല്‍ ദര്‍ശനം നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം ഒരുക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com