പത്മജയെ തള്ളി കെ മുരളീധരന്‍ ; ഗൂഢാലോചനയെക്കുറിച്ച് അറിവില്ല, കരുണാകരന്റെ രാജിക്ക് മുന്‍കൈ എടുത്തത് നരസിംഹറാവു

നീതി കിട്ടാതെ മരിച്ചത് കെ കരുണാകരന്‍ മാത്രമാണെന്ന് കെ മുരളീധരന്‍
പത്മജയെ തള്ളി കെ മുരളീധരന്‍ ; ഗൂഢാലോചനയെക്കുറിച്ച് അറിവില്ല, കരുണാകരന്റെ രാജിക്ക് മുന്‍കൈ എടുത്തത് നരസിംഹറാവു

കോഴിക്കോട് : ഐഎസ്ആര്‍ഒ ചാരക്കേസില്‍ സജീവ രാഷ്ട്രീയത്തിലെ അഞ്ചു നേതാക്കളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന പത്മജ വേണുഗോപാലിന്റെ ആരോപണം കെ മുരളീധരന്‍ തള്ളി. ഇതേക്കുറിച്ച് തനിക്കറിയില്ല. തന്റെ കയ്യില്‍ ഇതുസംബന്ധിച്ച് തെളിവൊന്നുമില്ല. അക്കാര്യം പത്മജയോട് ചോദിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. ചാരക്കേസില്‍ സസ്‌പെന്‍ഷനിലായ ഐജി രമണ്‍ ശ്രീവാസ്തവയ്ക്ക് വരെ നീതി കിട്ടി. പക്ഷെ നീതി കിട്ടാതെ മരിച്ചത് കെ കരുണാകരന്‍ മാത്രമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. 

ചാരക്കേസില്‍ കെ കരുണാകരന്റെ രാജിക്ക് മുന്‍കൈ എടുത്തത് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയും ആയിരുന്ന പിവി നരസിംഹറാവുവാണ്. ബാബറി മസ്ജിദ് തകര്‍ച്ചയോടെ, ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്തിയതില്‍ നരസിംഹറാവിവിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായിരുന്നു. നരസിംഹറാവുവിന് പകരം ഉയര്‍ന്ന പേരുകളില്‍ കരുണാകരന്റെ പേരും ഉണ്ടായിരുന്നു. 

ഇതില്‍ മാധവറാവു സിന്ധ്യ, ബല്‍റാം ഝക്കര്‍ എന്നിവരെ ഹവാല കേസില്‍പ്പെടുത്തി രാജിവെപ്പിച്ചു. എന്നാല്‍ കരുണാകരനെതിരെ ആക്ഷേപം ഒന്നും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ചാരക്കേസ് ഉയര്‍ന്നുവന്നത്. തുടര്‍ന്ന് നരസിംഹറാവുവാണ് കരുണാകരനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതെന്ന് മുരളീധരന്‍ പറഞ്ഞു. 

പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോള്‍, കരുണാകരന്‍ രാജിവെക്കണമെന്ന സന്ദേശം ജി കെ മൂപ്പനാര്‍ തന്നെ വിളിച്ചാണ് പറഞ്ഞത്. രാജിവെച്ച് ഡല്‍ഹിക്ക് വരാനാണ് കരുണാകരനോട് നരസിംഹറാവു ആവശ്യപ്പെട്ടത്. രാജിവെച്ച് ഒരുമാസം കരുണാകരന് ഒരു പദവിയും റാവു നല്‍കിയില്ല. പിന്നീട് അപ്രധാന വകുപ്പ നല്‍കി കേന്ദ്രമന്ത്രിയാക്കുകയായിരുന്നു. 

നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമുള്ളിടത്തോളം കരുണാകരന്‍ രാജിവെക്കേണ്ടെന്ന് ഒരാഴ്ച മുമ്പ് പറഞ്ഞ നരസിംഹറാവുവാണ് പിന്നീട് പൊടുന്നനെ നിലപാട് മാറ്റി ചതിച്ചത്. ഇക്കാര്യം മുമ്പും താന്‍ പറഞ്ഞിട്ടുണ്ട്. ചാരക്കേസില്‍ നീതി കിട്ടാത്തത് കരുണാകരന് മാത്രമാണ്. കേസിനെ തുടര്‍ന്ന് ഐജിയായിരുന്ന രമണ്‍ ശ്രീവാസ്തവയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സര്‍വീസില്‍ തിരികെ എത്തിയ അദ്ദേഹം പൊലീസ് മേധാവിയായാണ് വിരമിച്ചതെന്നും കെ മുരളിധരന്‍ പറഞ്ഞു. 

ചാരക്കേസിനെ തുടര്‍ന്ന് കരുണാകരനെ പല സ്ഥലങ്ങളിലും കൂവി അപമാനിക്കുന്ന സാഹചര്യങ്ങള്‍ പോലും അക്കാലത്തുണ്ടായി. വേദനയോടെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും നാടിനും പാര്‍ട്ടിക്കും വേണ്ടി ഒരുപാട് സേവനങ്ങള്‍ ചെയ്ത കരുണാകരനെതിരെയാണ് രാജ്യത്തെ ഒറ്റികൊടുത്തു എന്ന കുറ്റം ചാര്‍ത്തി ഇറക്കിവിട്ടത്. ഈ വിധി അതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പുറത്തു കൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കേസിലെ ചാര്‍ജ്ഷീറ്റ് തെറ്റായിരുന്നുവെന്ന് സുപ്രീംകോടതി വിധിയോടെ വ്യക്തമായി. എങ്ങനെയാണ് ഈ കേസ് ഉണ്ടായത് അടക്കമുള്ള കാര്യങ്ങള്‍ ജൂഡീഷ്യല്‍ സമിതി അന്വേഷിച്ച് സത്യങ്ങള്‍ പുറത്ത് കൊണ്ടുവരും.  നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്. അദ്ദേഹം തെറ്റുചെയ്യാത്തതുകൊണ്ടാണല്ലോ കോടതി അങ്ങനെ വിധി പറഞ്ഞതെന്നും മുരളീധരന്‍ ചോദിച്ചു. ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് സുപ്രീംകോടതി തീരുമാനിച്ചു കഴിഞ്ഞു. ഇനി ഇതിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ചാണ് എന്‍ക്വയറി നടത്തുക. അപ്പോള്‍ ഏതൊക്കെ ഘടകങ്ങള്‍ പ്രവര്‍ത്തിച്ചു എന്ന് വ്യക്തത വരും. നമ്പി നാരായണന് നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com