ബാര്‍കോഴക്കേസില്‍ കെ എം മാണിക്ക് തിരിച്ചടി ; വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി, തുടരന്വേഷണത്തിന് അനുമതി തേടണം

തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വാങ്ങാന്‍ കേസ് ഡിസംബര്‍ 10 ലേക്ക് മാറ്റി. 
ബാര്‍കോഴക്കേസില്‍ കെ എം മാണിക്ക് തിരിച്ചടി ; വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി, തുടരന്വേഷണത്തിന് അനുമതി തേടണം

തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ എം മാണിക്ക് തിരിച്ചടി. മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. വിജിലന്‍സിന്റെ രണ്ടാമത്തെ റിപ്പോര്‍ട്ടാണ് കോടതി തള്ളുന്നത്. തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വാങ്ങാന്‍ കേസ് ഡിസംബര്‍ 10 ലേക്ക് മാറ്റി. 

ബാര്‍ തുറക്കുന്നതിന് കെ എം മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതാണ് കോടതി തള്ളിയത്. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് നേരത്തെയും കോടതി തള്ളിയിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് കെ എം മാണി ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയെന്നായിരുന്നു കേസ്. 

ബാര്‍ ഉടമ ബിജു രമേശ് അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്തുവന്നത്. തുടര്‍ന്ന് വിജിലന്‍സ് കേസെടുക്കുകയായിരുന്നു. കെ എം മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സിന്റെ റിപ്പോര്‍ട്ടിനെതിരെ നേരത്തെ വിജിലന്‍സ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെ പി സതീശന്‍ രംഗത്തു വന്നിരുന്നു. കേസില്‍ മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നായിരുന്നു സതീശന്റെ നിലപാട്. തുടര്‍ന്ന് അദ്ദേഹത്തെ കേസില്‍ നിന്നും മാറ്റുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മുന്‍ എസ്പി സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. 

വിജിലന്‍സ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് മാണിക്ക് അനുകൂല റിപ്പോര്‍ട്ട് സമ്പാദിച്ചതെന്ന് ബാര്‍ ഉടമ ബിജു രമേശ് ആരോപിച്ചു. കുറുന്തോട്ടിക്കും വാതം വന്ന സ്ഥിതിയാണ്. അഴിമതി അന്വേഷിക്കേണ്ട ഉദ്യോഗസ്ഥര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയതിലും, കേസ് ചാര്‍ജ് ചെയ്യാന്‍ അനുമതി തേടിക്കൊണ്ടുള്ള വിധിയില്‍ സന്തോഷമുണ്ടെന്ന് ബിജു രമേശ് പ്രതികരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com