സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

രാജേന്ദ്രന്‍ ഒന്നാം പ്രതിയായും തഹസില്‍ദാര്‍ പികെ ഷാജിയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്
സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
Updated on
1 min read

ഇടുക്കി : മൂന്നാര്‍ ട്രിബ്യൂണല്‍ കോടതിയില്‍ അതിക്രമം കാണിച്ചെന്ന പരാതിയിൽ എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്കും തഹസില്‍ദാറിനും എതിരെ പൊലീസ് കേസെടുത്തു. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഒന്നാം പ്രതിയായും ദേവികുളം തഹസില്‍ദാര്‍ പികെ ഷാജിയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. അതിക്രമിച്ച് കയറല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു എംഎല്‍ എയും  തഹസിൽദാറും സിപിഎം പ്രവർത്തകരും ഉൾപ്പെടെ 50 പേരടങ്ങളുന്ന സംഘം മൂന്നാർ ഗവ. എൻജിനീയറിങ് റോഡിൽ പ്രവർത്തിക്കുന്ന മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിൽ എത്തിയത്.  മണ്ണിടിച്ചിലിനെ തുടർന്നു കെട്ടിടം തകർന്നതിനാൽ ഒരു മാസമായി മൂന്നാർ ഗവ. കോളജിൽ അധ്യയനം മുടങ്ങിയിരിക്കുകയാണ്.  ഈ സാഹചര്യത്തിൽ ട്രൈബ്യൂണൽ കെട്ടിടം കോളജിന് വേണ്ടി  താൽക്കാലികമായി വിട്ടു നൽകണം എന്നാവശ്യപ്പെട്ടാണ് എംഎൽഎയും സംഘവും എത്തിയത്. 

സ്ഥലത്തുണ്ടായിരുന്ന ട്രൈബ്യൂണൽ അംഗത്തോട്  ആവശ്യമുന്നയിച്ചെങ്കിലും ആഭ്യന്തര വകുപ്പിൽ നിന്നുള്ള നിർദ്ദേശം ഇല്ലാതെ ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാവില്ലെന്നായിരുന്നു മറുപടി.  തുടർന്ന്, പരിശോധനയ്ക്കെന്ന പേരിൽ എംഎൽഎയും സംഘവും കെട്ടിടത്തിന്റെ ഒന്നാം നിലയിലെത്തി.  ഇതിൽ കോടതി ഹാളിന്റെയും മറ്റൊരു മുറിയുടെയും വാതിൽപ്പൂട്ടുകൾ പൊളിച്ച് ഉള്ളിൽ കയറിയ സംഘം ഇവിടെയുണ്ടായിരുന്ന ഫർണിച്ചറുകൾ വരാന്തയിലും ടെറസിലും ഇട്ടു.  ഇതിനിടെ ചില സിപിഎം പ്രവർത്തകർ വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞു.  

കോടതി ഹാളിലുണ്ടായിരുന്ന കസേരകൾ, ട്രൈബ്യൂണൽ പരിസരത്ത് നിരത്തിയിട്ട ശേഷം വിദ്യാർത്ഥികളോട് ഇരിക്കാനും, ഒപ്പമുണ്ടായിരുന്ന അധ്യാപകരോടു ക്ലാസെടുക്കാനും എംഎൽഎ ആവശ്യപ്പെടുകയായിരുന്നു. മൂന്നാര്‍ എംഎൽഎ, തഹസീൽദാർ എന്നിവർ ട്രൈബ്യൂണലിൽ അതിക്രമിച്ചു കയറിയെന്നും, ജീവനക്കാരെ ആക്രമിച്ചെന്നും, ഓഫിസ് ഉപകരണങ്ങൾ കേടുവരുത്തിയെന്നും ആരോപിച്ച് ട്രൈബ്യൂണൽ അധികൃതർ മൂന്നാർ പൊലീസിൽ പരാതി നൽകി. എന്നാല്‍  സംഭവത്തിൽ കേസെടുത്തിരുന്നില്ല. തുടർന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടറോട് വിശദീകരണം തേടി. ഇതിന് പിന്നാലെയാണ് എംഎൽഎയ്ക്കും മറ്റുമെതിരെ കേസെടുത്തത്. 

ജൂലൈ 30 ന് ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം മൂന്നാർ സ്പെഷ്യൽ ട്രൈബ്യൂണലിന്റെ പ്രവർത്തനം നിർത്തലാക്കി  ഉത്തരവായിരുന്നു  എന്നാൽ, ഇവിടെ നിലവിലുള്ള കേസുകളുടെ ഫയലുകൾ മറ്റു കോടതികളിലേക്ക് കൈമാറാനുള്ള നടപടികളാണു ഇപ്പോൾ നടക്കുന്നത്. ട്രൈബ്യൂണലിന്റെ തുടർ പ്രവർത്തനം സംബന്ധിച്ച് ആഭ്യന്തര വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഈ മാസം 25 ന്  പരിശോധന നടത്തും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com