തലയ്ക്കടിച്ച ശേഷം കഴുത്തറുത്തു; ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തിയ സംശയരോഗിയായ ഭര്‍ത്താവിന് വേണ്ടി തെരച്ചില്‍ ഊര്‍ജിതം

സംശയ രോഗത്തിനൊടുവില്‍ ഭാര്യയെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്തു കൊന്ന ഗൃഹനാഥനായി അന്വേഷണം ഊര്‍ജിതം
തലയ്ക്കടിച്ച ശേഷം കഴുത്തറുത്തു; ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തിയ സംശയരോഗിയായ ഭര്‍ത്താവിന് വേണ്ടി തെരച്ചില്‍ ഊര്‍ജിതം

തിരുവനന്തപുരം: സംശയ രോഗത്തിനൊടുവില്‍ ഭാര്യയെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്തു കൊന്ന ഗൃഹനാഥനായി അന്വേഷണം ഊര്‍ജിതം. മണക്കാട് ശ്രീവരാഹം മുക്കോലയ്ക്കല്‍ എസ്.കെ. നിവാസില്‍ ഒറ്റിക്ക് താമസിക്കുന്ന തൂത്തുക്കുടി സ്വദേശി കന്നിയമ്മയെ (39) ആണ് ഭര്‍ത്താവ് മാരിയപ്പന്‍ (48) മൃഗീയമായി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി 11.30നായിരുന്നു സംഭവം. കൊലയ്ക്കു ശേഷം മൊബൈല്‍ ഫോണുപേക്ഷിച്ച് രക്ഷപ്പെട്ടതിനാല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിഫലമായി. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നും സംശയമുണ്ട്.

സംശയത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കനത്ത മഴയായതിനാല്‍ അയല്‍ക്കാരും സംഭവം അറിഞ്ഞില്ല. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ പിസ വിതരണക്കാരനായ മകന്‍ മണികണ്ഠന്‍ ജോലികഴിഞ്ഞ് 11.30ന് മടങ്ങിയെത്തിയപ്പോഴാണ് കന്നിയമ്മ ചോരയില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. മണികണ്ഠന്റെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. തുടര്‍ന്ന് ഫോര്‍ട്ട് പൊലീസില്‍ വിവരമറിയിച്ചു. വരും വഴി മാരിയപ്പന്‍ എം.എ.ടി സ്‌കൂട്ടറില്‍ പാഞ്ഞു പോയതായി മണികണ്ഠന്‍ പൊലീസില്‍ മൊഴി നല്‍കി. ഇതോടെയാണ് മാരിയപ്പനായുള്ള അന്വേഷണം ആരംഭിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്നലെ വൈകിട്ട് ബന്ധുക്കള്‍ക്ക് കൈമാറി. തൂത്തുക്കുടിയിലാണ് സംസ്‌കാരം. ഗീത, ഗണേഷ് എന്നിവരാണ് മറ്റുമക്കള്‍. ഇരുവരും തമിഴ്‌നാട്ടിലാണ്. 

ഞായറാഴ്ച വൈകിട്ട് മാരിയപ്പനും കന്നിയമ്മയും ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് സിനിമയ്ക്കും പോയിരുന്നു. രാത്രി 9.30ന് ഇവര്‍ മടങ്ങിയെത്തിയെന്ന് വീട്ടുടമ മോഹനന്‍ സ്ഥിരീകരിച്ചു.20 വര്‍ഷം മുമ്പ് ആക്രിക്കച്ചവടത്തിനും പാത്ര വ്യാപാരത്തിനുമായാണ് മാരിയപ്പനും കുടുംബവും തലസ്ഥാനത്തെത്തിയത്. നാല് വര്‍ഷമായി ശ്രീവരാഹത്താണ് താമസം. ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആദിത്യയുടെ മേല്‍നോട്ടത്തില്‍ ഫോര്‍ട്ട് അസി. കമ്മിഷണര്‍ ദിനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com