'മക്കളോടു സ്നേഹമില്ലാത്ത അമ്മയല്ല അവൾ , അവൻ മോഹങ്ങൾ കൊടുത്ത് അവളെ വീഴ്ത്തുകയായിരുന്നു'

ഞാനടക്കം ബന്ധുക്കളെല്ലാം അവന്റെ കൂടെ പോകരുതെന്ന് വിലക്കി. പക്ഷെ അവൾ പോയി
'മക്കളോടു സ്നേഹമില്ലാത്ത അമ്മയല്ല അവൾ , അവൻ മോഹങ്ങൾ കൊടുത്ത് അവളെ വീഴ്ത്തുകയായിരുന്നു'
Updated on
1 min read

കൊച്ചി : തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിന് ഇരയായി മരണത്തോട് മല്ലടിക്കുന്ന ഏഴു വയസ്സുകാരന്റെ അമ്മയെ ന്യായീകരിച്ച് മുത്തശ്ശി രം​ഗത്ത്. ‘ഈ ലോകം മുഴുവൻ പഴിച്ചാലും ഞാനാ കുട്ടിയെ തെറ്റു പറയില്ല. മക്കളോടു സ്നേഹമില്ലാത്ത അമ്മയല്ല അവൾ. ഭർത്താവ് മരിച്ച് ഏറെക്കഴിയാതെ വേറൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നതു ശരിയാണ്. ഞാനടക്കം ബന്ധുക്കളെല്ലാം അവന്റെ കൂടെ പോകരുതെന്ന് വിലക്കി. പക്ഷെ അവൾ പോയി. പോയ അന്നു മുതൽ അവന്റെ ക്രൂരതകളോരോന്നും അവളും കുഞ്ഞുങ്ങളും സഹിക്കുകയാണ്. ഞങ്ങളിതൊന്നും അറിഞ്ഞിരുന്നില്ല. ഒരു വാക്ക് അവളറിയിച്ചിരുന്നെങ്കിൽ എന്റെ ചെറുമോന് ഇതുപോലെ വേദന തിന്നേണ്ടി വരില്ലായിരുന്നു.’ - ഏഴുവയസ്സുകാരന്റെ അമ്മയെപ്പറ്റി അവരുടെ ആദ്യ ഭർത്താവിന്റെ അമ്മ പറയുന്നു. 

‘ഭർത്താവിന്റെ മരണത്തിനു പിന്നാലെ അരുൺ ആനന്ദിനൊപ്പം ഇറങ്ങിത്തിരിച്ചപ്പോൾ ഞങ്ങൾ തടഞ്ഞതാണ്. ആ ക്രിമിനലുമൊത്തുള്ള ജീവിതം നരകതുല്യമായിരിക്കുമെന്ന് ഓർമപ്പെടുത്തി. അവൻ മോഹങ്ങൾ കൊടുത്ത് അവളെ വീഴ്ത്തുകയായിരുന്നു. തന്നെയും കുഞ്ഞുങ്ങളെയും പൊന്നുപോലെ നോക്കുമെന്ന് അവൾ കരുതി. എനിക്കവൾ മരുമകളായിരുന്നില്ല, സ്വന്തം മോളെപ്പോലെ തന്നെയായിരുന്നു. കുഞ്ഞുങ്ങളെ താലോലിച്ച് കൊതി തീർന്നിട്ടില്ല. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾ ഒരുക്കമാണ്’. അധ്യാപികയായി വിരമിച്ച അമ്മ പറയുന്നു. 

‘അധ്യാപികയായി ഒപ്പം പ്രവർത്തിച്ച സുഹൃത്തിന്റെ മകളാണ്. ചെറിയ പ്രായം മുതൽ ആ കുട്ടിയെ അറിയാമായിരുന്നു. മകന്റെ വിവാഹശേഷം വർക്ക്ഷോപ് നടത്താനാണ് തൊടുപുഴയ്ക്കു പോയത്. സന്തോഷമായാണ് അവർ കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷമാണ് ആദ്യത്തെ മോൻ ജനിച്ചത്. കുഞ്ഞുങ്ങളുണ്ടാകാൻ ചികിത്സ നടത്തിയിരുന്നു. മോൻ അവൾക്കു പൊന്നുപോലെയായിരുന്നു. 2 വയസുവരെ പാൽ കൊടുത്തിരുന്നു. ഒരു നേരം പോലും കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. അത്രയും വാൽസല്യമുള്ള കുഞ്ഞിനെ മറ്റൊരാൾ ഉപദ്രവിക്കുന്നതു നോക്കി നിൽക്കാനാവുമോയെന്നു ചോദിച്ചേക്കാം. പക്ഷേ നിർദയനാണ് അരുൺ. അവന്റെ ഭീഷണിക്കു മുന്നിൽ അവൾ പതറിയിരിക്കാം.
 
അവളെയും കുഞ്ഞുങ്ങളെയും അരുൺ പട്ടിണിക്കിട്ടിരുന്നു. ശാരീരികമായി ഉപദ്രവിച്ചിരുന്നു. മകന്റെ പെട്ടെന്നുള്ള മരണത്തിൽ ഞങ്ങൾക്കു സംശയമുണ്ട്. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾ ഒരുക്കമാണ്.  ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന ഇളയ കുട്ടിയെ വിട്ടുകിട്ടാൻ ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com