അപകടശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ബഷീറിന്റെ ഫോണ്‍ ഉപയോഗിച്ചു ; സംസാരിച്ചത് പുരുഷന്‍ ; മൊബൈല്‍ കണ്ടെത്താത്തതില്‍ ദുരൂഹതയെന്ന് സിറാജ് മാനേജ്‌മെന്റ്

പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ താമസിച്ചതെന്ന പൊലീസിന്റെ വിചിത്രവാദവും സെയ്ഫുദ്ദീന്‍ ഹാജി തള്ളി
അപകടശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ബഷീറിന്റെ ഫോണ്‍ ഉപയോഗിച്ചു ; സംസാരിച്ചത് പുരുഷന്‍ ; മൊബൈല്‍ കണ്ടെത്താത്തതില്‍ ദുരൂഹതയെന്ന് സിറാജ് മാനേജ്‌മെന്റ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹത. അപകടത്തിന് പിന്നാലെ ഫോണ്‍ കാണാതായതില്‍ ദുരൂഹതയുണ്ട്. ഈ ഫോണ്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നടപടിക്കൊരുങ്ങുകയാണ് ബഷീര്‍ ജോലി ചെയ്തിരുന്ന സിറാജ് ദിനപ്പത്രത്തിന്റെ മാനേജ്‌മെന്റ്.

അപകടം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഈ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഈ ഫോണിലേക്ക് വിളിച്ചിരുന്നു. അപ്പോള്‍ ഒരു പുരുഷന്‍ മൊബൈല്‍ അറ്റന്‍ഡ് ചെയ്തിരുന്നതായും സിറാജ് പ്രതിനിധി സെയ്ഫുദ്ദീന്‍ ഹാജി വ്യക്തമാക്കി. ഫോണ്‍ നശിച്ചുപോയേക്കാമെന്ന പൊലീസിന്റെ നിഗമനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ താമസിച്ചതെന്ന പൊലീസിന്റെ വിചിത്രവാദവും സെയ്ഫുദ്ദീന്‍ ഹാജി തള്ളി. അപകടം ഉണ്ടായതിന് ശേഷം പുലര്‍ച്ചെ മൂന്നുമണി മുതല്‍ താന്‍ മ്യൂസിയം പൊലീസിനൊപ്പമുണ്ട്. എന്നാല്‍ തന്റെ മൊഴി രേഖപ്പെടുത്താനോ, കേസ് രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് തയ്യാറായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പൊലീസ് വീഴ്ചയെ വെള്ളപൂശാനാണ് ശ്രമമെന്നും സിറാജ് മാനേജ്‌മെന്റ് കുറ്റപ്പെടുത്തി.

കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതിനും, ശ്രീറാമിന്റെ രക്തം എടുക്കാതിരുന്നതിനും വിചിത്രവാദങ്ങളാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നിരത്തിയത്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിറാജ്  മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി നല്‍കിയ ഹര്‍ജി തളളണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 

ബഷീര്‍ മരിച്ച ശേഷം സിറാജ് പത്രത്തിന്റെ മാനേജറുടെ മൊഴി വൈകിയതാണ് രക്ത പരിശോധന താമസിക്കാന്‍ കാരണമെന്ന പുതിയ ന്യായീകരണമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് നടത്തിയ അട്ടിമറികള്‍ മറച്ചുവയ്ക്കുന്നതാണ് പ്രത്യേക സംഘത്തിന്റെ പുതിയ റിപ്പോര്‍ട്ട്.

സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാനായി തയ്യാറായില്ലെന്നും വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂ എന്ന് പറഞ്ഞുവെന്നും പിന്നീട് സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാന്‍ കഴിഞ്ഞുള്ളൂ. പലകുറി ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാല്‍ ഡോക്ടര്‍ ഇതിന് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അപകട മരണമുണ്ടായാല്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിക്രമങ്ങളുമായി പൊലീസിന് മുന്നോട്ട് പോകാം. അങ്ങനെയുള്ളപ്പോഴാണ് പൊലീസിന്റെ ഈ വിചിത്ര വാദം.ശ്രീറാമിന് മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നതായി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വ്യക്തമാക്കിയിയിരുന്നു. എന്നാല്‍ അപകടം ഉണ്ടായി 10 മണിക്കൂറിന് ശേഷമാണ് പൊലീസ് ശ്രീറാമിന്റെ രക്തസാംപിള്‍ ശേഖരിച്ചത്. മെഡിക്കല്‍ കോളേജില്‍ പോകാനുള്ള നിര്‍ദേശം ലംഘിച്ച് ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായപ്പോഴും പൊലീസ് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com