ജനമഹായാത്രയ്ക്ക് ഫണ്ട് പിരിച്ചു നല്‍കിയില്ല ; പത്ത് മണ്ഡലം കമ്മിറ്റികളെ കോണ്‍ഗ്രസ് പിരിച്ചുവിട്ടു

ഫണ്ട് ഭാഗികമായി പിരിച്ചുനല്‍കിയ മണ്ഡലം കമ്മിറ്റികള്‍ പത്തുദിവസത്തിനകം മുഴുവന്‍ തുകയും പിരിച്ചുനല്‍കാനും കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി
ജനമഹായാത്രയ്ക്ക് ഫണ്ട് പിരിച്ചു നല്‍കിയില്ല ; പത്ത് മണ്ഡലം കമ്മിറ്റികളെ കോണ്‍ഗ്രസ് പിരിച്ചുവിട്ടു


കണ്ണൂര്‍ : കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് ഫണ്ട് പിരിച്ചു നല്‍കാത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിട്ടു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പത്ത് മണ്ഡലം കമ്മിറ്റികളെയാണ് പിരിച്ചുവിട്ടത്. ഫണ്ട് ഭാഗികമായി പിരിച്ചുനല്‍കിയ മണ്ഡലം കമ്മിറ്റികള്‍ പത്തുദിവസത്തിനകം മുഴുവന്‍ തുകയും പിരിച്ചുനല്‍കാനും കെപിസിസി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കാസര്‍കോട് നായന്മാര്‍ മൂലയില്‍ നിന്ന് ഈ മാസം മൂന്നിനാണ് യാത്ര ആരംഭിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി യാത്ര ഉദ്ഘാടനം ചെയ്തു.   14 ജില്ലകളിലായി 26 ദിവസം നീളുന്ന പര്യടനം ഫെബ്രുവരി 28ന്  തിരുവനന്തപുരത്ത് സമാപിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രചാരണയാത്ര ആരംഭിച്ചത്. 

മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം  നടത്തുന്ന ആദ്യ രാഷ്ട്രീയ യാത്രയാണിത്. യാത്ര അവസാനിക്കുന്നതിനു മുന്‍പു തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി പ്രചാരണത്തിലേക്ക് കടക്കാനാണ് പാര്‍ട്ടി തീരുമാനം. യാത്രയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് പൊതു സമ്മേളനങ്ങളും നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com