വാദം കേള്‍ക്കല്‍ തുടങ്ങി; വിധിയില്‍ ഗുരുതര പിഴവ്, ആരാധനാലയം പൊതുസ്ഥലമല്ലെന്ന് എന്‍എസ്എസ്

എന്‍എസ്എസിനു വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരനാണ് വാദം തുടങ്ങിവച്ചത്
വാദം കേള്‍ക്കല്‍ തുടങ്ങി; വിധിയില്‍ ഗുരുതര പിഴവ്, ആരാധനാലയം പൊതുസ്ഥലമല്ലെന്ന് എന്‍എസ്എസ്

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ പുനപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രിം കോടതി വാദം കേള്‍ക്കല്‍ തുടങ്ങി. 56 പുനപ്പരിശോധനാ ഹര്‍ജികളും നാലു റിട്ട് ഹര്‍ജികളും ഉള്‍പ്പെടെ 65 ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്.

എന്‍എസ്എസിനു വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരനാണ് വാദം തുടങ്ങിവച്ചത്. ഇരുഭാഗത്തുമുള്ള കക്ഷികള്‍ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം വകുപ്പു പ്രകാരമുള്ള മൗലിക അവകാശത്തിനു വേണ്ടി വാദിക്കുന്ന അപൂര്‍വ കേസാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്തംബര്‍ 28ലെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് പരാശരന്‍ പറഞ്ഞു. പ്രധാന വിഷയങ്ങള്‍ കോടതിക്കു മുന്നില്‍ എത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിധിയിലെ പിഴവുകള്‍ എന്തൊക്കെയെന്നു ചൂണ്ടിക്കാട്ടാന്‍ ചീഫ് ജസ്റ്റിസ് അഭിഭാഷകനോടു നിര്‍ദേശിച്ചു. വാദങ്ങള്‍ വസ്തുതകളില്‍ ഊന്നാന്‍ അദ്ദേഹം നിര്‍ദേശിച്ചു. 

ഭരണഘടനയുടെ 15, 17 അനുച്ഛേദങ്ങളുടെ അടിസ്ഥാനത്തില്‍ ശബരിമല കേസില്‍ വിധി പുറപ്പെടുവിച്ചത് പിഴവാണെന്ന് കെ പരാശരന്‍ വാദിച്ചു. പൊതുസ്ഥലത്തെ തുല്യതയെക്കുറിച്ചു പറയുന്ന  15 (2)ല്‍ മതസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന വസ്തുത കോടതി കണക്കിലെടുത്തില്ല. പതിനഞ്ചാം അനുച്ഛേദപ്രകാരം ക്ഷേത്രാചാരത്തെ റദ്ദാക്കിയത് തെറ്റാണ്. മതവിശ്വാസങ്ങളുടെ യുക്തി കോടതികള്‍ പരിശോധിക്കേണ്ടതില്ലെന്ന ബിജോ ഇമ്മാനുവല്‍ കേസിലെ വിധി പരാശരന്‍ ചൂണ്ടിക്കാട്ടി. 

ശബരിമലയില്‍ യുവതികളെ പ്രവേശിക്കാത്തത് തൊട്ടുകൂടായ്മയുടെ പ്രശ്‌നല്ല. തൊട്ടുകൂടായ്മ ഭരണഘടന പ്രകാരം തെറ്റുതന്നെയാണ്. എന്നാല്‍ തൊട്ടുകൂടായ്മ എന്തൊക്കെയെന്ന് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇതിന് അതിവ്യാഖ്യാനം നല്‍കുകയാണ് സുപ്രിം കോടതി ചെയ്തതെന്ന് പരാശരന്‍ പറഞ്ഞു. ഒരാളെ മനുഷ്യനായി കണക്കാക്കാത്ത അവസ്ഥയാണ് തൊട്ടുകൂടായ്മ. ഇത്തരമൊരു സാഹചര്യമല്ല ശബരിമലയില്‍ ഉള്ളതെന്ന് കെ പരാശരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com