ഷുക്കൂര്‍ വധക്കേസ് : സിബിഐ കുറ്റപത്രം ഇന്ന് കോടതിയില്‍ ; പി ജയരാജനും ടി വി രാജേഷിനും നിര്‍ണായകം

തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് കുറ്റപത്രം പരിഗണിക്കുന്നത്. കുറ്റപത്രം തള്ളിക്കളയണമെന്ന് പി ജയരാജന്‍, ടിവി രാജേഷ്, അടക്കമുള്ള പ്രതികള്‍ ആവശ്യപ്പെടും
ഷുക്കൂര്‍ വധക്കേസ് : സിബിഐ കുറ്റപത്രം ഇന്ന് കോടതിയില്‍ ; പി ജയരാജനും ടി വി രാജേഷിനും നിര്‍ണായകം


തലശ്ശേരി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെയും ടിവി രാജേഷ് എംഎല്‍എയെയും പ്രതി ചേര്‍ത്തുകൊണ്ടുള്ള സിബിഐയുടെ കുറ്റപത്രം കോടതി ഇന്ന് പരിഗണിക്കും. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് കുറ്റപത്രം പരിഗണിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ സിപിഎമ്മിനും, പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎല്‍എയ്ക്കും നിര്‍ണായകമാണ്. 

കുറ്റപത്രം തള്ളിക്കളയണമെന്ന് പി ജയരാജന്‍, ടി വി രാജേഷ്, അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെടും. അതേസമയം സിപിഎം ശക്തികേന്ദ്രമായ തലശ്ശേരിയില്‍ വിചാരണ നടത്തുന്നത് സാക്ഷികളെ സ്വാധീനിക്കാനും, നീതി പൂര്‍വകമായ വിചാരണയ്ക്കും തടസ്സമാകുമെന്നുമാണ് ഷൂക്കുറിന്റെ കുടുംബം ആശങ്കപ്പെടുന്നത്. അതിനാല്‍ കേസിന്റെ വിചാരണ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ഷുക്കൂറിന്റെ കുടുംബം കോടതിയില്‍ ആവശ്യപ്പെടും. 

ഇതിനോടകം രാഷ്ട്രീയമായി ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ നേരത്തെ കണ്ടെത്തി സമര്‍പ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായി യാതൊന്നും സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഇല്ലെന്ന് കാട്ടി കുറ്റപത്രം തള്ളാനുള്ള വാദം പി ജയരാജന്റെയും ടിവി രാജേഷിന്റെയും അഭിഭാഷകര്‍ ഉയര്‍ത്തും. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തപ്പെട്ട പി ജയരാജനെയും ടി.വി രാജേഷ് എംഎല്‍എയെയും കേസില്‍ നിന്ന് ഒഴിവാക്കിക്കിട്ടാനായി വിടുതല്‍ ഹര്‍ജിയും തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. 

അനുബന്ധ കുറ്റപത്രത്തില്‍ പരാമര്‍ശിക്കപ്പെട്ട പി ജയരാജനടക്കമുള്ള പ്രതികള്‍ കോടതിയിലെത്തുന്നുണ്ട്. സിബിഐ പ്രതിനിധിയും കോടതിയില്‍ ഹാജരാകും. വിചാരണ എറണാകുളത്ത് നടത്തണമെന്ന കാര്യത്തില്‍ സിബിഐ തന്നെ മുന്‍കൈയെടുത്ത് കോടതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കുമെന്നാണ് ഷുക്കൂറിന്റെ കുടുംബം പ്രതീക്ഷിക്കുന്നത്. 

സിബിഐ കുറ്റം ചുമത്തിയ കേസുകള്‍ സിബിഐ കോടതിയില്‍ വിചാരണ ചെയ്യണമെന്ന സുപ്രിം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാകും ഇത്. ഇതില്‍ തീരുമാനമറിഞ്ഞ ശേഷമാകും എരണാകുളം സിജെഎം കോടതിയിലേക്ക് വിചാരണ മാറ്റാനാവശ്യപ്പെട്ട് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുക. എന്നാല്‍ വിടുതല്‍ ഹര്‍ജിയിലടക്കം ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന് വ്യക്തതയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com