'ലോക്‌സഭയിലേക്ക് ഒന്നു പോയാല്‍ കൊള്ളാമെന്നുണ്ട്, രണ്ടു സീറ്റു വേണം' ; നിലപാടു കടുപ്പിച്ച് പിജെ ജോസഫ്

കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യമെന്ന് പിജെ ജോസഫ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൊടുപുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റ് വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് പാര്‍ട്ടി നേതാവ് പിജെ ജോസഫ്. കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യമെന്ന് പിജെ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രണ്ട് സീറ്റ് എന്ന ആവശ്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. നാളെ യുഡിഎഫ് സീറ്റു ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ ഇക്കാര്യം ഉന്നയിക്കും. കേരള കോണ്‍ഗ്രസിന് എന്നും രണ്ടു സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഇരു മുന്നണികളായി നിന്നപ്പോഴും ഒരുമിച്ചു നിന്നപ്പോഴും രണ്ടു സീറ്റു കിട്ടിയിട്ടുണ്ട്, ചില ഘട്ടങ്ങളില്‍ മൂന്നു സീറ്റു ലഭിച്ചിട്ടുണ്ടെന്നും പിജെ ജോസഫ് ചൂണ്ടിക്കാട്ടി.

കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇവ നേരത്തെ പാര്‍ട്ടി ജയിച്ച സീറ്റുകളാണ്. അധിക സീറ്റു കിട്ടിയാലും ഇല്ലെങ്കിലും ആരാണ് സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞു. ലോക്‌സഭയിലേക്കു മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് മറുപടിയായി പിജെ ജോസഫ് വ്യക്തമാക്കി. ലോക്‌സഭയില്‍ ഒന്നു പോയാല്‍ കൊള്ളാമെന്നുണ്ട്. 1991ല്‍ ഒരു ശ്രമം നടത്തിയതാണ്. രാജീവ് ഗാന്ധി വധത്തെത്തുടര്‍ന്നുള്ള തരംഗത്തില്‍ അതു നടന്നില്ല- ജോസഫ് പറഞ്ഞു. 

ഏതു സീറ്റില്‍ മത്സരിച്ചാലും ജയിക്കുമെന്നാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. ഇരുപതു സീറ്റും യുഡിഎഫ് ജയിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് പിജെ ജോസഫ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com