ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയിട്ടില്ല; തന്ത്രി നടയടച്ചത് യുവതീപ്രവേശനം കൊണ്ടല്ലെന്ന് അജയ് തറയില്‍

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ അജയ് തറയില്‍
ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയിട്ടില്ല; തന്ത്രി നടയടച്ചത് യുവതീപ്രവേശനം കൊണ്ടല്ലെന്ന് അജയ് തറയില്‍

കൊച്ചി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ അജയ് തറയില്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും നേരിട്ട് അന്വേഷിച്ചുമാണ് ഇക്കാര്യം പറയുന്നതെന്ന് അജയ് തറയില്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

സുപ്രിം കോടതി വിധി വന്ന ശേഷം ശബരിമലയില്‍ ഇതുവരെ യുവതികള്‍ പ്രവേശനം നടത്തിയിട്ടില്ലെന്നാണ് തന്റെ അന്വേഷണത്തില്‍ ബോധ്യമായതെന്ന് അജയ് തറയില്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസം താന്‍ ശബരിമലയില്‍ ഉണ്ടായിരുന്നു. അവിടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കാര്യങ്ങള്‍ നേരിട്ട് അന്വേഷിക്കുകയും ചെയ്തു. ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടില്ലെന്നാണ് തനിക്കു ബോധ്യപ്പെട്ടത്. അവര്‍ ദര്‍ശനം നടത്തിയെന്നു പറയുന്നവര്‍ ഒരു ചിത്രമെങ്കിലും പുറത്തുവിടണമെന്ന് അജയ് തറയില്‍ പറഞ്ഞു.

ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയെന്നത് കള്ളപ്രചാരണമാണ്. സര്‍ക്കാരും പൊലീസും ചേര്‍ന്നു നടത്തിയ ഫോട്ടോ ഷൂട്ടാണിത്. ഇതാണ് പുറത്തുവന്നത്. അല്ലെങ്കില്‍ ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിടാത്തത് എന്തുകൊണ്ടെന്ന് അജയ് തറയില്‍ ചോദിച്ചു. സര്‍ക്കാരിനു സുപ്രിം കോടതിയില്‍ പറയാനുള്ള കഥയാണ് പൊലീസ് പ്രചരിപ്പിക്കുന്നതെന്ന് അജയ് തറയില്‍ ആരോപിച്ചു.

യുവതീപ്രവേശനം നടത്തിയതിനല്ല തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയത്. മറ്റ് അശുദ്ധിയുണ്ടായതിനാണ്. യുവതീപ്രവേശനം നടന്നോയെന്ന കാര്യത്തില്‍ തനിക്ക് അറിവൊന്നുമില്ലെന്നാണ് തന്ത്രി തന്നോടു പറഞ്ഞതെന്ന് അജയ് തറയില്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com