സംഘര്‍ഷഭരിതമായ തീര്‍ത്ഥാടനകാലത്തിന് സമാപനം ; ശബരിമല നട അടച്ചു

യുവതീപ്രവേശനത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനമായി
സംഘര്‍ഷഭരിതമായ തീര്‍ത്ഥാടനകാലത്തിന് സമാപനം ; ശബരിമല നട അടച്ചു


സന്നിധാനം : യുവതീപ്രവേശനത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനമായി. രാവിലെ പന്തളം രാജ പ്രതിനിധിയ്ക്ക് തിരുവാഭരണം കൈമാറിയതിന് ശേഷമാണ് മേല്‍ശാന്തി തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് നട അടച്ചത്. രാവിലെ അഞ്ചിന് നട തുറന്നെങ്കിലും ഇന്ന് രാജപ്രതിനിധി രാഘവ വര്‍മ്മ രാജയ്ക്ക് മാത്രമാണ് ദര്‍ശനം അനുവദിച്ചത്. 

നട അടച്ച ശേഷം മേല്‍ശാന്തി താക്കോല്‍ രാജപ്രതിനിധിയ്ക്ക് കൈമാറി. ദര്‍ശനം പൂര്‍ത്തിയാക്കി പതിനെട്ടാം പടിയിറങ്ങിയ രാഘവവര്‍മ്മ രാജ ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം താക്കോല്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. ഭക്തരുടെ ദര്‍ശനം ഇന്നലെ രാത്രി 9 ന് അവസാനിപ്പിച്ചിരുന്നു. ഇനി പൂജകള്‍ക്കായി ഫെബ്രുവരി 13 നാണ് ശബരിമല നട തുറക്കുക.

നേരത്തെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്ക് അന്ത്യം കുറിച്ചാണ് തിരുവാഭരണം പന്തളം കൊട്ടാരത്തിന് കൈമാറിയത്. നേരത്തെ തിരുവാഭരണം സര്‍ക്കാരോ, ദേവസ്വം ബോര്‍ഡോ കൈവശം വെച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. യുവതീപ്രവേശന വിധിക്ക് ശേഷമുള്ള ശബരിമലയിലെ ആദ്യ തീര്‍ത്ഥാടനകാലം സംഘര്‍ഷ ഭരിതമായിരുന്നു. 

ഈ തീര്‍ത്ഥാടന കാലത്ത് ദേവസ്വം ബോര്‍ഡിന്റെ വരുമാന നഷ്ടം 95.65 കോടിരൂപയാണ്. മണ്ഡല കാലത്ത് 58.91 കോടി രൂപയുടെയും മകരവിളക്കിന് 36.73 കോടിരൂപയുടെയും നഷ്ടം ഉണ്ടായി. മണ്ഡല കാലത്തെ ആകെ വരുമാനം 105,11,93,917 രൂപയും മകരവിളക്ക് കാലത്തെ വരുമാനം 63,00,69,947 രൂപയുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com