തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ അക്രമത്തില്‍ പ്രികളായ ഡിവൈഎഫ്‌ഐക്കാരെ പിടിക്കാന്‍ സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. റെയ്ഡ് നടത്തിയത് മാധ്യമശ്രദ്ധ നേടാനാണ്. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തലേദിവസം റെയ്്ഡ് നടത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്- അദ്ദേഹം പറഞ്ഞു.
സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ ചൈത്രയെ ഡിസിപി ചുമതലകളില്‍ നിന്ന് ഒഴിവാക്കി വനിതാ സെല്ലിലേക്ക് തിരിച്ചയച്ചത് വിവാദമായിരുന്നു. അവധിയിലായിരുന്ന ഡിസിപി ആര്‍ ആദിത്യയെ ആഭ്യന്തരവകുപ്പ് മടക്കി വിളിച്ച് ചുമതലയേല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
പൊലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐക്കാരെ പിടിക്കാനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഡിസിപിയുടെ നേതൃത്വത്തില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയത്. ബുധനാഴ്ച രാത്രിയാണ് അന്‍പതോളം പേരടങ്ങിയ ഡിവൈഎഫ്‌ഐ സംഘം മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞത്. പ്രതികളില്‍ പ്രധാനികള്‍ മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നതായി സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണു ചൈത്രയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാര്‍ട്ടി ഓഫിസില്‍ എത്തിയത്. എന്നാല്‍ പൊലീസ് സംഘത്തെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും തടഞ്ഞു.
പരിശോധന നടത്താതെ പോകില്ലെന്നു ഡിസിപി നിലപാട് എടുത്തതോടെ ഉന്നത നിര്‍ദേശ പ്രകാരം നേതാക്കള്‍ വഴങ്ങി. അതിനിടെ പ്രതികളെ രക്ഷപ്പെടുത്തിയെന്നാണ് പൊലീസിന് പിന്നീടു ലഭിച്ച വിവരം. റെയ്ഡില്‍ പ്രതികളെ ആരെയും പിടികൂടാനായില്ല. തൊട്ടുപിന്നാലെ ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിക്കുകയായിരുന്നു.
പോക്‌സോ കേസില്‍ അറസ്റ്റിലായ 2 പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്‌റ്റേഷനില്‍ ഡിവൈഎഫ്‌ഐക്കാരുടെ അതിക്രമം. മുതിര്‍ന്ന നേതാവുള്‍പ്പെടെ അന്‍പതോളം ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പ്രതികളെ പിടിക്കാതെ മെഡിക്കല്‍ കോളജ് പൊലീസ് ഒത്തുകളിക്കുന്നതായ വിവരം ഉന്നത ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു. പിന്നാലെയാണു പ്രതികളെക്കുറിച്ചു സൂചന നല്‍കി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.
ശബരിമല ഡ്യൂട്ടിയിലായിരുന്ന ആര്‍.ആദിത്യക്കു പകരമാണു ചൈത്ര തെരേസ ജോണിന് ഡിസിപിയുടെ അധിക ചുമതല നല്‍കിയത്. 21നു ശബരിമല ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കല്‍ അവധിയിലായിരുന്നു. എന്നാല്‍ റെയ്ഡിനു പിന്നാലെ ഇന്നലെ അദ്ദേഹത്തെ വിളിച്ചുവരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates