കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തിയ നിലയിൽ ; നാലുപേർ കസ്റ്റഡിയിൽ

ചെളിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. ചതുപ്പിൽ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലാണ്
കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തിയ നിലയിൽ ; നാലുപേർ കസ്റ്റഡിയിൽ

കൊച്ചി : നെട്ടൂർ കുമ്പളത്ത് ഒരാഴ്ച മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തി. കുമ്പളം മാന്ദനാട്ട് വിദ്യന്റെ മകൻ അർജുൻ (20) ന്റെ മൃതദേഹമാണ് ചതുപ്പിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. ചെളിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ സുഹൃത്തുക്കളായ നാലുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. 

ചതുപ്പിൽ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലാണ്. ഫൊറൻസിക് വിദഗ്ധരുടെ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു. കൃത്യം നടത്തിയവരുടെ മൊഴിയിൽ നിന്നാണു മൃതദേഹം അർജുന്റേതാണെന്ന സൂചന ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. ജൂലൈ രണ്ടിനാണ് അർജുനെ കാണാതാകുന്നത്. അർജുനെ കൊന്നു ചതുപ്പിൽ താഴ്ത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു പൊലീസ് സ്ഥലം കണ്ടെത്തി തിരച്ചിൽ നടത്തിയത്.

കസ്റ്റഡിയിലുള്ള നാലു പേരും സമപ്രായക്കാരും അർജുന്റെ കൂട്ടുകാരുമാണ്. കൃത്യം നടത്തിയെന്നു കരുതുന്നവരിൽ ഒരാളുടെ സഹോദരൻ അർജുനുമൊത്തു പോകുമ്പോൾ കളമശേരിയിൽ വച്ച് ഒരു വർഷം മുൻപ് ബൈക്കപകടത്തിൽ മരിച്ചിരുന്നു. ഇത് അപകടമരണം അല്ലെന്നും അർജുനെയും ഇതേ രീതിയി‍ൽ വധിക്കുമെന്നും ഇയാൾ പറഞ്ഞതായി  അർജുന്റെ ബന്ധുക്കൾ പറയുന്നു.  അർജുനുമായി അടുത്ത കാലത്ത് സൗഹൃദത്തിലായ ഇയാൾ  2നു രാത്രി  മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ അർജുനെ വീട്ടിൽ നിന്നു വിളിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നത്രേ. നെട്ടൂരിൽ എത്തിച്ച ശേഷം മർദിച്ചു കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തുകയായിരുന്നെന്നാണു സൂചന.

കുറച്ചു ദിവസമായി ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിലും മാലിന്യം തള്ളുന്നതിന്റേതാണെന്നു കരുതിയതായി പരിസരവാസികൾ പറഞ്ഞു. റെയിൽവേ പാളത്തിനു പടിഞ്ഞാറുവശം ഭൂമാഫിയ നികത്തിയിട്ട ഏക്കർ കണക്കിനു സ്ഥലമാണു ചതുപ്പും കണ്ടലും നിറഞ്ഞു കിടക്കുന്നത്. അർജിനെ കാണാനില്ലെന്ന് കാണിച്ച് പനങ്ങാട് പൊലീസിൽ മൂന്നാംതീയതി പരാതി നൽകിയെങ്കിലും അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. 9ാം തീയതി ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തതിനു ശേഷമാണ്  പൊലീസ് അനങ്ങിയതെന്നും അർജുന്റെ ബന്ധുക്കൾ പറഞ്ഞു. അർജുനെ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയവരെപ്പറ്റി കൃത്യമായ വിവരങ്ങൾ പരാതി നൽകിയപ്പോൾ തന്നെ പൊലീസിനു കൈമാറിയിരുന്നെന്നും ബന്ധുക്കൾ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com