യൂണിവേഴ്‌സിറ്റി കൊളേജ് സംഘര്‍ഷം; അഖിലിനെ കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ്; കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് മൊഴി
യൂണിവേഴ്‌സിറ്റി കൊളേജ് സംഘര്‍ഷം; അഖിലിനെ കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ്; കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

തിരുവനന്തപുരം; യൂണിവേഴ്‌സിറ്റി കൊളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിപ്പരുക്കേല്‍പ്പിച്ചത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ്വ ശിരഞ്ജിത് ആണെന്ന് സാക്ഷി മൊഴി. യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് മൊഴി. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്. ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. 

സംഭവത്തില്‍ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ശിവരഞ്ജിത്തിനും നസീമിനും പുറമെ അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. അതിനിടെ പ്രതികള്‍ ഇന്ന് കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്. 

വെള്ളിയാഴ്ച രാവിലെയാണ് കോളജില്‍ സംഘര്‍ഷം നടന്നത്. എസ്എഫ്‌ഐയും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റിരുന്നു. നെഞ്ചിലും മുതുകിലുമാണ് അഖിലിന് കുത്തേറ്റത്. നെഞ്ചിന്റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എസ്എഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. കൂടുതല്‍ കുട്ടികളും എസ്എഫ്‌ഐക്കെതിരെ ഇന്ന് രംഗത്തെത്തിയേക്കുമെന്നാണ് സൂചന.

എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിന് മുന്‍പില്‍ പാട്ടുപാടിയതിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ ക്യാമ്പസിലും പുറത്തും പ്രതിഷേധം കനക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തു. പ്രതിഷേധം തെരുവിലേക്കും നീട്ടു. തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com