ആ കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കില്ല; നിലപാട് വ്യക്തമാക്കി ലളിതകലാ അക്കാദമി

ആ കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്
ആ കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കില്ല; നിലപാട് വ്യക്തമാക്കി ലളിതകലാ അക്കാദമി

തൃശൂര്‍: ലളിതകലാ അക്കാദമിയുടെ മികച്ച കാര്‍ട്ടൂണിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് വിവാദമായ സാഹചര്യത്തില്‍, പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലാണ് ചെയര്‍മാന്റെ പ്രതികരണം. 

പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ക്രിസ്ത്യന്‍ മതവികാരത്തെ അവഹേളിക്കുന്ന കാര്‍ട്ടൂണിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന്  സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ പറഞ്ഞു. അവാര്‍ഡ് നിര്‍ണയ ജൂറിക്ക് വീഴ്ച സംഭവിച്ചോ എന്ന് അക്കാദമി പരിശോധിക്കട്ടെ എന്നുമായിരുന്നു സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം.

സംസ്ഥാന ലളിതകലാ അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരമാണ് വിവാദമായത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍ കേന്ദ്ര കഥാപാത്രമായ കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചിരുന്നു. ഇതിനെതിരെ കെസിബിസി ഉള്‍പ്പടെ രംഗത്തെത്തിയതോടെയാണ് പുരസ്‌കാരം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ലളിതകലാ അക്കാദമിക്ക് നിര്‍ദേശം നല്‍കിയത്.

എകെ ബാലന്റെ പരാമര്‍ശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ലളിതകലാ അക്കാദമി ഒരു സ്വയംഭരണ സ്ഥാപനമാണ്. അതില്‍ ഇടപെടാന്‍ ഒരു മന്ത്രിക്കും അധികാരമില്ല. നാളെ സിനിമാ അവാര്‍ഡ് തീരുമാനിച്ചിട്ട് ആരെങ്കിലും വിളിച്ചുപറഞ്ഞാല്‍ അതനുസരിച്ച് ചെയ്യേണ്ടിവരില്ലെയെന്നും കാനം ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com