'കൊലക്കത്തി താഴെ വെക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം' ; ചിതറയിലേത് രാഷ്ട്രീയ കൊലപാതകമെന്ന് കോടിയേരി

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയാണ് ചിതറയില്‍ ഉണ്ടായത്
'കൊലക്കത്തി താഴെ വെക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം' ; ചിതറയിലേത് രാഷ്ട്രീയ കൊലപാതകമെന്ന് കോടിയേരി

കൊല്ലം : ചിതറയിലെ സിപിഎം പ്രവര്‍ത്തകന്റെ മരണം രാഷ്ടീയ കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊല്ലത്ത് സിപിഎം പ്രവര്‍ത്തകര്‍ പക വെച്ച് ആക്രമിക്കപ്പെടുകയാണ്. കൊലക്കത്തി താഴെ വെക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയാണ് ചിതറയില്‍ ഉണ്ടായത്. കാസര്‍കോട് കൊലപാതകത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് ഭീഷണി മുഴക്കിയിരുന്നു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇനിയെങ്കിലും തയ്യാറാകണം. 

സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോഴും കൊല്ലപ്പെടുമ്പോഴും അത് വ്യക്തിപരമായ പ്രശ്‌നമായാണ് അവതരിപ്പിക്കപ്പെടുന്നത്. കാസര്‍കോട് കൊലപാതകത്തെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു. അതിന് ഉത്തരവാദികളായവരെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. ചിതറ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം. സിപിഎം പ്രവര്‍ത്തകര്‍ ഒരു തരത്തിലുള്ള അക്രമപ്രവര്‍ത്തനവും നടത്തരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

ചിതറ വളവുപച്ച മഹാദേവര്‍കുന്ന് തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (70) ആണ് കുത്തേറ്റ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വളവുപച്ച കൊച്ചു കോടാനൂര്‍ മുബീനാ മന്‍സിലില്‍ ഷാജഹാനെ (60) കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. 
ബഷീറിന്റേത്‌ രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ച സിപിഎം ഇന്ന് ചിതറ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com