വയനാട്: വൈത്തിരിയിൽ മാവോയിസ്റ്റ് വേട്ടയിൽ പൊലീസ് നിലപാടിനെ സംശയ നിഴലിലാക്കി റിസോർട്ട് ജീവനക്കാരുടെ മൊഴി. ആദ്യം വെടിയുതിർത്തത് പൊലീസാണെന്നാണ് ജീവനക്കാർ മൊഴി നൽകിയത്. മാവോയിസ്റ്റുകളെത്തിയ വിവരം പൊലീസിനെ അറിയിച്ചിട്ടില്ലെന്നും ജീവനക്കാർ വെളിപ്പെടുത്തി. പത്തുപേർക്കുള്ള ഭക്ഷണവും 50000 രൂപയും ആവശ്യപ്പെട്ട മാവോയിസ്റ്റ് സംഘം മാന്യമായാണ് പെരുമാറിയത്. വിനോദസഞ്ചാരികൾ എത്തിയപ്പോൾ ഇവർ കൗണ്ടറിൽനിന്നു മാറിനിന്നെന്നും ജീവനക്കാർ ഒരു ചാനലിനോടു വെളിപ്പെടുത്തി.
ഭക്ഷണം ആവശ്യപ്പെട്ട മാവോയിസ്റ്റുകളോട്, അതിന് സമയം വേണമെന്ന് പറഞ്ഞു. തുടർന്ന് ഭക്ഷണം തയ്യാറാക്കുന്നതിനിടെ പൊലീസ് സംഘം തോക്കുമായി എത്തി വെടിവെക്കുകയായിരുന്നു. എങ്ങനെയാണ് പൊലീസ് സംഘം എത്തിയതെന്ന് അറിയില്ലെന്നും ജീവനക്കാർ പറഞ്ഞു. മാവോയിസ്റ്റുകളാണ് ആദ്യം നിറയൊഴിച്ചതെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. വെടിയേറ്റു പൊലീസ് വാഹനത്തിന്റെ ചില്ലുതകർന്നു. ഇരുളിൽനിന്നു രാത്രി വൈകിയും പൊലീസിനുനേരേ വെടിവയ്പുണ്ടായി.പൊലീസ് നിറയൊഴിച്ചത് ആത്മരക്ഷാർഥമാണെന്നും ഐജി ബൽറാംകുമാർ ഉപാധ്യായ പറഞ്ഞിരുന്നു.
വൈത്തിരി റിസോർട്ടിലുണ്ടായ വെടിവെപ്പിൽ സിപിഐ(മാവോയിസ്റ്റ്) കബനി നാടുകാണി ദളത്തിലെ അംഗം സി.പി. ജലീലാണ് ബുധനാഴ്ച രാത്രി വെടിയേറ്റുമരിച്ചത്. അഞ്ച് ഏക്കർ വരുന്ന വളപ്പിലുള്ള റിസോർട്ടിന്റെ റിസപ്ഷൻ കൗണ്ടറിനു കുറച്ചുമാറി പാറക്കെട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു ജലീലിന്റെ മൃതദേഹം. സമീപത്തു നാടൻ തോക്കും സഞ്ചിയും ചിതറിയ കറൻസികളും ഉണ്ടായിരുന്നു. ജലീലിന്റെ തലയ്ക്കു പിന്നിലും തോളിലുമാണ് വെടിയേറ്റത്. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ ഡോക്യുമെൻറേഷൻ വിദഗ്ധനാണ് ജലീൽ എന്നാണ് പൊലീസ് പറയുന്നത്.
കൊല്ലപ്പെട്ട ജലീലിന്റെ പോസ്റ്റ് മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. പൊലീസ് സർജന്റെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തിയ ശേഷമാകും പോസ്റ്റ് മോർട്ടം നടക്കുക. മൂന്നു മണിക്കൂറോളം നീണ്ടുനിൽക്കുമെന്നാണ് സൂചന. ജലീലിന്റെ മൃതദേഹം വിട്ടുതരണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരൻ രംഗത്തെത്തിയിട്ടുണ്ട്. മൃതദേഹം വിട്ടുകിട്ടണമെന്ന് ഗ്രോ വാസു അടക്കമുള്ളവരും ആവശ്യപ്പെട്ടിട്ടുണ്ട്.
ജലീലിന്റെ മരണത്തില്‍ മാവോയിസ്റ്റുകള്‍ തിരിച്ചടി നടത്താനുള്ള സാധ്യതയുണ്ടെന്ന രഹസ്യാനേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലബാര്‍ മേഖലയിലെ പൊലീസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. രക്ഷപ്പെട്ട മാവോയ്സ്റ്റുകൽക്കായി ഇന്നും തിരച്ചിൽ തുടരുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates