കെഎം മാണി വഴങ്ങും; കോട്ടയത്ത് വാസവന് എതിരെ പിജെ ജോസഫ് തന്നെ; തിരക്കിട്ട ചര്‍ച്ച

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയേറി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയേറി. നിലവിലെ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയാവാനുള്ള ജോസഫിന്റെ അവകാശവാദത്തിന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി വഴങ്ങുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റ് വേണമെന്ന ആവശ്യം നേരത്തെ തന്നെ കോണ്‍ഗ്രസ് നിരസിച്ചിരുന്നു. ഇതോടെയാണ് ഏക സീറ്റായ കോട്ടയത്തെ സ്ഥാനാര്‍ഥിയെച്ചൊല്ലി തര്‍ക്കം ശക്തമായത്. മുതിര്‍ന്ന നേതാവും വര്‍ക്കിങ് ചെയര്‍മാനുമായ പിജെ ജോസഫ് പരസ്യമായിത്തന്നെ സീറ്റിന് അവകാശവാദമുന്നയിച്ചു. നാളെയാണ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി നേതൃയോഗം ചേരുന്നത്.

ഏക സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കുന്നതിനോട് കെഎം മാണിക്കും മകനും വൈസ് ചെയര്‍മാനുമായ ജോസ് കെ മാണിക്കും താല്‍പ്പര്യമില്ല. എന്നാല്‍ കത്തോലിക്കാ സഭ ഇക്കാര്യത്തില്‍ ജോസഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുളളത് എന്നാണ് അറിയുന്നത്. കോണ്‍ഗ്രസും ജോസഫിനു സീറ്റു നല്‍കുന്നതിനെ അനുകൂലിക്കുന്നുണ്ട്.

യുഡിഎഫില്‍നിന്നു വിട്ടുനിന്ന കാലത്ത് കെഎം മാണിയും ജോസ് കെ മാണിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അകറ്റിയിട്ടുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ജോസഫിനോട് ഇത്തരമൊരു എതിര്‍പ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കില്ല. ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയ്ക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. വിഎന്‍ വാസവനെയാണ് സിപിഎം സ്ഥാനാര്‍ഥിയാക്കിയത് എന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു. വാസവനെ നേരിടാന്‍ തലയെടുപ്പുള്ള സ്ഥാനാര്‍ഥി വേണമെന്നാണ് നേതാക്കള്‍ പറയുന്നത്.

കെഎം മാണിയുടെയും ജോസ് കെ മാണിയുടെയും ചില നിലപാടുകളോട് സഭയ്ക്ക് താത്പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സഭ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിന് അനുകൂലമാണെന്ന വികാരമാണ് ഇതുണ്ടാക്കിയിട്ടുള്ളത്. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കെഎം മാ്ണി വഴങ്ങുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com