കോണ്‍ഗ്രസ് പട്ടികയില്‍ രണ്ട് വനിതകള്‍ ; അപ്രതീക്ഷിത മല്‍സരാര്‍ത്ഥികളായി രമ്യ ഹരിദാസും ഡോ. മിനിയും ; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടേറുകയാണ്
കോണ്‍ഗ്രസ് പട്ടികയില്‍ രണ്ട് വനിതകള്‍ ; അപ്രതീക്ഷിത മല്‍സരാര്‍ത്ഥികളായി രമ്യ ഹരിദാസും ഡോ. മിനിയും ; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടേറുകയാണ്. ലോക്‌സഭയിലേക്ക് രണ്ട് വനിത സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നാണ് സൂചന. ഷാനിമോള്‍ ഉസ്മാനെയും കെ എ തുളസിയെയും സ്ഥാനാര്‍ത്ഥിത്വത്തിനായി സജീവമായി പരിഗണിക്കുന്നുണ്ട്. രമ്യ ഹരിദാസ്, ഡോ. മിനി എന്നിവരുടെ പേരുകളും അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സംസ്ഥാന നേതൃത്വത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വനിതകള്‍ക്ക് പിന്നാലെ, യുവപ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും രംഗത്തുണ്ട്. വടകരയില്‍ കെഎസ് യു നേതാവ് കെ എം അഭിജിത്തിന്റെ പേര് നേരത്തെ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. എന്നാല്‍ പി ജയരാജന്‍ സിപിഎം സ്ഥാനാര്‍ത്ഥിയാകുന്നതോടെ, കൂടുതല്‍ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്. കെപിസിസി അധ്യക്ഷന്‍ നേരത്തെ പറഞ്ഞ  ജയസാധ്യത എന്ന മാനദണ്ഡം പരിഗണിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ ഇവിടെ മല്‍സരിക്കണമെന്നാണ് ആവശ്യം. 

ഇത്തവണ മല്‍സരിക്കാനില്ലെന്ന് മുല്ലപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ നേരത്തെ പറഞ്ഞ ജയസാധ്യത എന്ന മാനദണ്ഡം മുല്ലപ്പള്ളിക്ക് നേരെ തന്നെ ബൂമറാങ്ങായി തിരിച്ചെത്തുകയാണ്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ എന്നിവരും മല്‍സരിക്കണമെന്ന വാദം ശക്തമാണ്. എന്നാല്‍ മല്‍സരിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി വിമുഖത പ്രകടിപ്പിക്കുകയാണ്. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ഉമ്മന്‍ചാണ്ടിയും വേണുഗോപാലും മല്‍സരിക്കും. 

കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് വെച്ചുമാറില്ലെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടി മല്‍സര രംഗത്തിറങ്ങിയാല്‍ കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറുന്നതും പരിഗണിച്ചേക്കും. ആലപ്പുഴയില്‍ എഎം ആരിഫിനെതിരെ കെ സി വേണുഗോപാല്‍ തന്നെ മല്‍സരിക്കണമെന്ന ആവശ്യം ശക്തമാണ്. വേണുഗോപാല്‍ ഇല്ലെങ്കില്‍ പിസി വിഷ്ണുനാഥിനെ പരിഗണിച്ചേക്കും. പത്തനംതിട്ടയിലും വിഷ്ണുനാഥിനെ പരിഗണിക്കുന്നതായി സൂചനയുണ്ട്. 

കോണ്‍ഗ്രസ് ഷുവര്‍ സീറ്റായി പരിഗണിക്കുന്ന വയനാട്ടില്‍ കെ മുരളീധരന്റെ പേരും അപ്രതീക്ഷിതമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന്‍, എം എം ഹസ്സന്‍, ടി സിദ്ധിഖ് തുടങ്ങിയവരും വയനാട് സീറ്റിനായി മല്‍സരംഗത്തുണ്ട്. മുന്‍ അഡ്വക്കേറ്റ് ജനറല്‍ ടി ആസിഫലിയുടെ പേരും വയനാട്ടില്‍ പരിഗണിക്കുന്നുണ്ട്. എറണാകുളത്ത് കെ വി തോമസിനെതിരെ ഹൈബി ഈഡന്‍ എംഎല്‍എയുടെ പേരും സജീവമായി ഉയര്‍ന്നു വന്നിട്ടുണ്ട്. ചാലക്കുടിയില്‍ ബെന്നി ബഹനാന്‍, തൃശൂരില്‍ വി എം സുധീരന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. തൃശൂരില്‍ നിജി ജസ്റ്റിന്‍ എന്ന പുതിയൊരു പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. 

കണ്ണൂരില്‍ കെ സുധാകരന്‍, കാസര്‍കോട് കെ സുബ്ബറായ്, ആറ്റിങ്ങള്‍ അടൂര്‍ പ്രകാശ്, പാലക്കാട് വി കെ ശ്രീകണ്ഠന്‍, ചാലക്കുടിയില്‍ ബെന്നി ബഹനാന് പുറമെ, മുന്‍ എംപി കെപി ധനപാലന്‍, ഇടുക്കിയില്‍ ജോസഫ് വാഴക്കന്‍, ഡീന്‍ കുര്യാക്കോസ്, മാത്യു കുഴല്‍നാടന്‍ എന്നീ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്. 

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് മല്‍സരരംഗത്ത് സജീവമായ സാഹചര്യത്തില്‍ എത്രയും വേഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സജീവമാകാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കരട് പട്ടിക ഇന്നു തന്നെ തയ്യാറാക്കി കേന്ദ്രനേതൃത്വത്തിന് നല്‍കാനാണ് തീരുമാനം. സ്ഥാനാര്‍ത്ഥി പട്ടികയില്‍ മികവുറ്റവരുടെ പേരുളാണ് ഉണ്ടാകേണ്ടതെന്ന് രാഹുല്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റി 11 ന് ചേര്‍ന്ന് പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കിയേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com