കനത്ത ചൂട്; എപ്പോഴും വെള്ളം കരുതുക, കുടിക്കുക; ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യ മന്ത്രി

സംസ്ഥാനത്ത് കനത്ത ചൂടിനെ തുടർന്ന് ഇന്ന് മാത്രം ഏഴ് പേർക്ക് സൂര്യാഘാതമേറ്റ പശ്ചാത്തലത്തിൽ ജാ​ഗ്രതാ നിർദേശങ്ങളുമായി ആരോ​ഗ്യ മന്ത്രി കെകെ ഷൈലജ
കനത്ത ചൂട്; എപ്പോഴും വെള്ളം കരുതുക, കുടിക്കുക; ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനെ തുടർന്ന് ഇന്ന് മാത്രം ഏഴ് പേർക്ക് സൂര്യാഘാതമേറ്റ പശ്ചാത്തലത്തിൽ ജാ​ഗ്രതാ നിർദേശങ്ങളുമായി ആരോ​ഗ്യ മന്ത്രി കെകെ ഷൈലജ. സൂര്യാഘാതമേറ്റ് ഇന്ന് മൂന്ന് പേർ മരിച്ചതായും ആരോ​ഗ്യ വകുപ്പ് പറയുന്നു. തിരുവനന്തപുരം പാറശാലയിലും  പത്തനംതിട്ട മാരാമണ്ണിലും കണ്ണൂർ വെള്ളോറയിലുമായി മൂന്ന് പേർ കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകുകയുള്ളൂ.

ശരീരത്തിന് വളരെപ്പെട്ടന്നാണ് നിർജലീകരണം സംഭവിക്കുന്നതെന്നും എപ്പോഴും വെള്ളം കരുതുകയും കുടിക്കുകയും ചെയ്യണമെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ പെട്ടന്നൊന്നും ചൂട് കുറയാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ ഉഷ്ണക്കാറ്റ് ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.

കനത്ത ചൂടിനെത്തുടർന്നുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചാണ് ആരോഗ്യ വകുപ്പിനെ സംബന്ധിച്ച് ആശങ്കയുള്ളത്. വെള്ളം ഇല്ലാതാകുമ്പോൾ ആളുകൾ ദൂരെ സ്ഥലങ്ങളിൽ നിന്നെല്ലാം വെള്ളം കൊണ്ട് വരും. ശുദ്ധ ജലമല്ലെങ്കിൽ ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളൊക്കെ വരാം. ഇതിനുള്ള മുൻ കരുതലുകൾ കൂടി എടുക്കേണ്ടതുണ്ടെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേ‍ർക്ക് സംസ്ഥാനത്ത് സൂര്യാഘാതമേറ്റെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളില്‍ നാളെയും മറ്റന്നാളും സൂര്യഘാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താപനില ശരാശരിയില്‍ നിന്ന് മൂന്ന് മുതൽ നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com