'നിന്റെ കഴുത്തിനു താഴെ മൂന്നു സ്ഥലത്ത് എനിക്ക് ഉമ്മ വയ്ക്കണം', കാമപരവശനായി ആ പുരോഹിതന്‍ പറഞ്ഞു; ; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയില്‍നിന്ന് 

നഗ്‌നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികര്‍ മുന്നില്‍ നിര്‍ത്തി ആസ്വദിക്കും
'നിന്റെ കഴുത്തിനു താഴെ മൂന്നു സ്ഥലത്ത് എനിക്ക് ഉമ്മ വയ്ക്കണം', കാമപരവശനായി ആ പുരോഹിതന്‍ പറഞ്ഞു; ; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയില്‍നിന്ന് 
Updated on
3 min read

ന്യാസ്ത്രീ മഠങ്ങളിലും ആത്മീയ ഇടങ്ങളിലും ലൈംഗിക ചൂഷണങ്ങള്‍ ഇനിയും അധികം പുറത്തുവരാത്ത യാഥാര്‍ഥ്യങ്ങളാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. ഡി.സി. ബുക്‌സ് അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്ന  'കര്‍ത്താവിന്റെ നാമത്തില്‍' എന്ന ആത്മകഥയിലെ ഭാഗം 

ലൗകിക ജീവിതതൃഷ്ണയെ ശമിപ്പിക്കാനായി പ്രാര്‍ത്ഥനയില്‍ അഭയം തേടുന്ന സന്ന്യാസിനികള്‍ അവരില്‍ അന്തര്‍ലീനമായ ലൈംഗികാഭിനിവേശം പ്രകടിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ക്കു ഞാന്‍ മൂകസാക്ഷിയായിട്ടുണ്ട്. വീടും നാടും കയ്യൊഴിഞ്ഞു വൈയക്തിക ബന്ധങ്ങളെ നിരാകരിച്ച് സന്ന്യാസിനി ആവാന്‍ എത്തിയവരില്‍ ഭൂരിഭാഗം പേരും മാനുഷികമായ വികാരത്തെ നിയന്ത്രിക്കാന്‍ കെല്‍പ്പില്ലാത്തവരാണ്. ഇവരുടെ ചേഷ്ടകള്‍ക്ക് എത്രയോ തവണ ഞാന്‍ കാഴ്ചക്കാരി ആയിട്ടുണ്ട്. 


പുരോഹിതന്മാരുമായാണ് കന്യാസ്ത്രീകളില്‍ നല്ലൊരു പങ്കിനും ക്രൈസ്തവചിന്താവിരുദ്ധമായ അടുപ്പമുള്ളത്. മഠത്തിലും സന്ന്യാസിനി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വൈദികര്‍ക്കുള്ള സ്ഥാനം തന്നെയാണ് ഇത്തരം ബന്ധങ്ങള്‍ വളരാനുള്ള കാരണവും. സഹവാസികളായ സന്ന്യാസിനികളില്‍ നിരവധി പേര്‍ക്ക് ഇത്തരം ബന്ധങ്ങളുണ്ട്. സ്വകാര്യ നിമിഷങ്ങളില്‍ അവരതിനെ പരിപോഷിപ്പിക്കുകയും ചെയ്യും. മണിക്കൂറുകളോളം ഫോണുകളിലൂടെ ഇവര്‍ സല്ലപിക്കും. കന്യാസ്ത്രീകളുടെമേല്‍ അദൃശ്യമായ ആണധികാരം പുരോഹിതര്‍ പുലര്‍ത്തുന്നതിന്റെ തെളിവുകള്‍ ഏറെയുണ്ട്. ഇവര്‍ പതിവായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. 

ചിത്രം: ടിപി സൂരജ്‌

കലാശാല അധ്യാപകനായ ഒരു പുരോഹിതന്‍ ജോലിക്കുശേഷം സമീപത്തുള്ള മഠത്തിലാണ് സ്ഥിരമായി വിശ്രമിക്കാറുള്ളത്. കന്യകാമഠത്തില്‍ വൈദികനു പ്രത്യേക മുറിയുണ്ട്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് സ്ഥിരമായി പ്രഭാഷണം നടത്തിക്കൊണ്ടിരുന്നത്. കേള്‍ക്കാന്‍ മാത്രമല്ല, ഇവിടെ കന്യാസ്ത്രീകള്‍ വിധിക്കപ്പെട്ടത്. പ്രായോഗിക പരിശീലനത്തില്‍ മനംമടുത്ത ഒരു സന്ന്യസ്ത അവരുടെ പുരുഷ സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തി. അദ്ദേഹത്തിനു പ്രതികരിക്കാന്‍ പ്രാപ്തിയുണ്ടായിരുന്നില്ല. മഠത്തിലെ ഏതാണ്ടെല്ലാ സന്ന്യാസിനികള്‍ക്കും തറവായ പരിശീലനം നല്‍കിയ പുരോഹിതന്‍ അധ്യാപകവൃത്തിയില്‍നിന്നു വിരമിക്കുന്നതുവരെ ഇതു തുടര്‍ന്നു. 


എന്റെ സുഹൃത്തിന്റെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ മകള്‍ പാഠഭാഗത്തിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ എന്നെ സമീപിച്ചു. ഈ വിഷയത്തില്‍ വൈദഗ്ദ്ധ്യമുള്ള ഒരു വൈദികനെ ഞാന്‍ ചൂണ്ടിക്കാണിച്ചു. എന്നോടൊപ്പം സുഹൃത്തും മകളും ചേര്‍ന്നാണ് അദ്ദേഹത്തിന്റെ അടുത്തു പോയത്. ദേവാലയ സംബന്ധമായ തിരക്കിന്റെ ഭാഗമായി ഞാന്‍ നേരത്തെ അവിടെനിന്നും തിരിച്ചു. അവരുടെ ആവശ്യം നിറവേറ്റി വീട്ടിലെത്തിയ അവര്‍ എന്നെ വിളിച്ചു നന്ദി അറിയിച്ചു. 


അടുത്ത ദിവസം പുരോഹിതന്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു. എടീ നിനക്കു സുഖമാണോ. അവള്‍ നിഷ്‌കളങ്കയായി അതേ എന്നു മറുപടി നല്‍കി. മറുതലക്കല്‍ പുരോഹിതന്‍ കാമപരവശനായി സംഭാഷണം തുടര്‍ന്നു. നിന്റെ കഴുത്തിനു താഴെ മൂന്നു സ്ഥലത്ത് എനിക്ക് ഉമ്മ വെക്കണം. അശ്ലീലം നിറഞ്ഞ അയാളുടെ വാക്കുകള്‍ക്കു മുന്നില്‍ ആ പെണ്‍കുട്ടി പകച്ചുപോയി. അമ്മേയെന്ന് അലറിക്കരഞ്ഞ് അവള്‍ ഫോണ്‍ അമ്മയ്ക്കു കൈമാറി. ഈ സംഭവം കുടുംബത്തെ ആകെ ഉലച്ചു. അവരെന്നോട് പരാതിപ്പെട്ടു. ദിവസങ്ങള്‍ നീണ്ട അനുരഞ്ജനത്തിന് ഒടുവിലാണ് അവര്‍ ശാന്തരായത്. അയാളെ നേരില്‍ വിളിച്ചു കുടുംബത്തിന്റെ പ്രതിഷേധം അറിയിച്ചു. പുരോഹിതന്റെ മാപ്പോടെയാണ് പ്രശ്‌നം അവസാനിച്ചത്. 


ദേവാലയ പരിസരത്തെ സങ്കീര്‍ത്തിയില്‍ വെച്ച് പുരോഹിതനാല്‍ ലൈംഗിക ചൂഷണത്തിനിരയായ കന്യാസ്ത്രീ വിവരം എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. അവര്‍ എന്നോടൊപ്പം സന്യാസവൃത്തി തുടങ്ങിയവരാണ്. ആ അനുഭവത്തില്‍ ഈ സന്ന്യാസിനി സംഭ്രമിച്ചില്ലെന്നു മാത്രമല്ല, അത് അവര്‍ രസിക്കുകയും ചെയ്തു. തൃപ്തികരമായ ഒരു ചൂഷണചരിതം മാത്രമായി ഇത് അവശേഷിക്കുന്നു. 


ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ അവന്റെ ആന്റിയായ കന്യാസ്ത്രീയും പുരോഹിതനുമായുള്ള തുടര്‍ച്ചയായ ബന്ധത്തെക്കുറിച്ച് രോഷത്തോടെ എന്നോട് പ്രതികരിച്ചു. അവിവാഹിതനായ എന്നെ നേര്‍വഴി നടക്കാന്‍ സ്ഥിരമായി ഉപദേശം തരുന്നയാളാണ് ഈ വൈദികനെന്ന് അയാള്‍ പറഞ്ഞു. 
മിണ്ടാവ്രത കാലത്തെ പ്രത്യേക കുമ്പസാരങ്ങളില്‍ വൈദികന്‍ നോവീസിന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചത് വേദനയോടെ ഒരു കന്യാസ്ത്രീ എന്നോട് പങ്കുവെച്ചിട്ടുണ്ട്. ആത്മീയ ശുശ്രൂഷാ വേളകളിലും കാമവെറിയോടെയാണ് തന്റെ മുന്നില്‍ കുമ്പസരിക്കുന്ന കന്യാസ്ത്രീകളെ പുരോഹിതന്മാരില്‍ ചിലര്‍ സമീപിക്കുക. 


ചില മഠങ്ങളില്‍ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം. ഈ സഹോദരിമാര്‍ക്കു പള്ളിമേടയില്‍നിന്ന് അനുഭവിക്കേണ്ടിവരുന്നത് അസാധാരണ വൈകൃതമാണ്. നഗ്‌നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികര്‍ മുന്നില്‍ നിര്‍ത്തി ആസ്വദിക്കും. മടുത്ത് എന്നു പറഞ്ഞാല്‍ പോലും ചെവിക്കൊള്ളാത്ത കാമഭ്രാന്തന്മാരാണ് ചില വൈദികര്‍. 


മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിര്‍ന്ന കന്യാസ്ത്രീകളും സ്വവര്‍ഗ്ഗ ഭോഗത്തിന് ഉപയോഗിക്കുന്ന വിവരവും പലരില്‍നിന്നായി ഞാനറിഞ്ഞിട്ടുണ്ട്. ആത്മസംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള മനപ്പരിചരണം കന്യാസ്ത്രീകളില്‍ പലര്‍ക്കും കുരിശായി മാറുകയാണ് പതിവ്. വൈദികരായ കൗണ്‍സലിംഗ് വിദഗ്ദ്ധര്‍ ഈ സ്ത്രീകളെ നിരന്തരമായി പിന്തുടരുന്ന സാഹചര്യവും ഉണ്ട്. 
ഒരു മുതിര്‍ന്ന കന്യാസ്ത്രീയോടൊപ്പം പള്ളിമേടയിലെത്തിയ കൊച്ച് സഹോദരിക്കു സഹിക്കേണ്ടിവന്നത് അസാധാരണ അനുഭോഗമാണ്. ഒറ്റയ്ക്കുനിന്ന ഈ പെണ്‍കുട്ടിയെ പുരോഹിതന്‍ പൊക്കിയെടുത്ത് മടിയില്‍ കിടത്തി മണിക്കൂറുകളോളം ദര്‍ശനസുഖം അനുഭവിച്ചു. കാമം നിറഞ്ഞ അനുഭവത്തിലേക്കാണ് ഇത് തന്നെ നയിച്ചതെന്ന് ഈ പെണ്‍കുട്ടി എന്നോട് പറഞ്ഞിട്ടുണ്ട്. 


സെമിനാരിയില്‍നിന്നും സ്വവര്‍ഗ്ഗരതിക്കു വിധേയനായി മാനസികമായി തകര്‍ന്ന സഹോദരന്റെ കഥയും അനുകമ്പാര്‍ഹമാണ്. ഒരു വര്‍ഷത്തോളം നിരന്തരമായി അദ്ദേഹത്തിന് ഈ ലൈംഗിക വൈകൃതം സഹിക്കേണ്ടിവന്നു. മാനസികരോഗിയായി വീട്ടിലെത്തിയ അദ്ദേഹം സന്ന്യാസം ഉപേക്ഷിക്കുകയാണ് ചെയ്തത്. മറ്റൊരു വൈദികവിദ്യാര്‍ത്ഥിയും സമാന പരാതി എന്റെ മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സെമിനാരിയിലെ അധികാരികളിലൊരാളായ  വൈദികന്‍ ഈ കുട്ടിയെ സ്വന്തം മുറിയില്‍ സ്വവര്‍ഗ്ഗരതിക്കു പ്രേരിപ്പിച്ചു. വിസമ്മതിച്ച ആ സഹോദരനെ ബലം പ്രയോഗിച്ചു കട്ടിലില്‍ കെട്ടിയിട്ട് ലൈംഗികത രുചിച്ചു. ഈ അതിക്രമം വീട്ടുകാരുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള ഭയത്തില്‍ ഈ ചെറുപ്പക്കാരന്‍ മറ്റൊരു ആശ്രമം തേടി പുറത്തുപോകുകയായിരുന്നു. 
കേരളത്തിലെ സീറോ മലബാര്‍ സഭയോടൊപ്പം മറ്റു സന്ന്യാസ പുരോഹിത സഭകളും ലൈംഗിക അരാജക കേന്ദ്രങ്ങളാണ്. 

(സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥാ ഭാഗത്തിന്റെ പൂര്‍ണ രൂപം 'വിശുദ്ധപാപികളുടെഅധോലോകം' ഈ ലക്കം സമകാലിക മലയാളം വാരികയില്‍)
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com