തിരുവനന്തപുരം : ഡ്രൈവര്‍മാരുടെ കുറവിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയില്‍. കെഎസ്ആര്‍ടിസിയില്‍ ഇന്ന് 637 സര്‍വീസുകളാണ് മുടങ്ങിയത്. തെക്കന്‍ മേഖലയില്‍ 339 ഉം മധ്യമേഖലയില്‍ 241 ഉം വടക്കന്‍ മേഖലയില്‍ 57 ഉം സര്‍വീസുകളാണ് മുടങ്ങിയത്. ഇന്ന് ഡ്യൂട്ടിക്കെത്തേണ്ടവരെ ഇന്നലെ നിര്‍ബന്ധിച്ച് ഡ്യൂട്ടിയെടുപ്പിച്ചിരുന്നു. രണ്ടുദിവസം തുടര്‍ച്ചയായി ഡബിള്‍ ഡ്യൂട്ടിയെടുത്തവര്‍ ഇന്ന് എത്തിയില്ല. ഇതോടെയാണ് സര്‍വീസുകള്‍ മുടങ്ങിയത്.
പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം വിളിച്ചുചേര്‍ത്തു. ഗതാഗത സെക്രട്ടറി, കെഎസ്ആര്‍ടിസി എംഡി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. കോടതി വിധി നടപ്പാക്കിയത് മൂലമാണ് ഇപ്പോള്‍ പ്രതിസന്ധിയുണ്ടായത്. എന്നാല്‍ പ്രതിസന്ധി അതിരൂക്ഷമല്ലെന്നും, തുടരുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഈ നില തുടര്‍ന്നുപോകാനാവില്ലെന്നും മന്ത്രി സൂചിപ്പിച്ചു. ദിവസവേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കാനും ഉന്നതതല യോഗത്തില്‍ ധാരണയായി. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2320 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍സിയില്‍ പ്രതിസന്ധി രൂക്ഷമായത്.
തുടര്‍ച്ചായി 179 ദിവസം ജോലിയിലുണ്ടായിരുന്ന താത്കാലിക ഡ്രൈവര്‍മാരെ ജൂണ്‍ 30 മുതല്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ സര്‍വ്വീസുകള്‍ തടസപ്പെടാതിരിക്കാന്‍ ഇവരില്‍ ചിലരെ പല യൂണിറ്റുകളിലും ദിവസ വേതാനാടിസ്ഥാനത്തില്‍ വീണ്ടും നിയോഗിച്ചിരുന്നു. ഇതിനെതിരെ പിഎസ് സി ലിസ്റ്റില്‍ ഉണ്ടായിരുന്നവര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. താല്‍ക്കാലിക ഡ്രൈവര്‍മാരെ ഒഴിവാക്കിയതോടെ, ശരാശരി 4700 സര്‍വ്വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിയില്‍ ഇന്നലെ 580 സര്‍വ്വീസുകളാണ് മുടങ്ങിയത്.
യാത്രക്കാരും വരുമാനവും കൂടുതലുള്ള റൂട്ടുകളിലെ ബസുകള്‍ മുടങ്ങാതിരിക്കാന്‍ യൂണിറ്റുകള്‍ക്ക് കെഎസ്ആര്‍ടിസി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഥിരം ഡ്രൈവര്‍മാരോട് അവധി നിയന്ത്രിച്ച് സഹകരിക്കാന്‍ ഇന്നലെ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരുന്നു. അതേസമയം സര്‍ക്കാര്‍ സഹായം കിട്ടാത്തതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നും ശമ്പളം ഇതുവരെ വിതരണം ചെയ്യാനും കഴിഞ്ഞിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates