പ്രായോഗിക ബുദ്ധിമുട്ടുണ്ട്, അതു മറികടന്നാല്‍ ചോദ്യങ്ങള്‍ മലയാളത്തിലും ആവാം: പിഎസ്‌സി

മലയാളത്തില്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോട് പിഎസ്‌സിക്കും സര്‍ക്കാരിനും തത്വത്തില്‍ യോജിപ്പാണ് ഉള്ളതെന്ന് എംകെ സക്കീര്‍
പ്രായോഗിക ബുദ്ധിമുട്ടുണ്ട്, അതു മറികടന്നാല്‍ ചോദ്യങ്ങള്‍ മലയാളത്തിലും ആവാം: പിഎസ്‌സി

തിരുവനന്തപുരം: കേരള ഭരണ സര്‍വീസ് ഉള്‍പ്പെടെയുള്ള ഉന്നത ജോലികളിലേക്ക് പരീക്ഷ നടത്തുമ്പോള്‍ ചോദ്യങ്ങള്‍ മലയാളത്തില്‍ തയാറാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നും അതു മറികടക്കാനായാല്‍ മലയാള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പില്ലെന്നും പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്‍ എംകെ സക്കീര്‍. മലയാളത്തില്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോട് പിഎസ്‌സിക്കും സര്‍ക്കാരിനും തത്വത്തില്‍ യോജിപ്പാണ് ഉള്ളതെന്ന് എംകെ സക്കീര്‍ മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചോദ്യങ്ങള്‍ മലയാളത്തില്‍ തയാറാക്കുന്നതിനുള്ള ബുദ്ധിമുട്ടായി പിഎസ്‌സി അവതരിപ്പിക്കുന്നത് ചോദ്യങ്ങള്‍ തയാറാക്കുന്ന അധ്യാപകരുടെ ബുദ്ധിമുട്ടാണ്. കേരളത്തിലെ സര്‍വകലാശാലാ അധ്യാപകരാണ് പിഎസ്‌സിക്കായി ചോദ്യങ്ങള്‍ തയാറാക്കുന്നത്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ അവര്‍ക്കാവുകയും അതു പിഎസ്‌സിക്കു ബോധ്യപ്പെടുകയും ചെയ്താല്‍ പരീക്ഷകള്‍ മലയാളത്തില്‍ നടത്താം- ചെയര്‍മാന്‍ പറഞ്ഞു.

തൊണ്ണൂറു ശതമാനം പരീക്ഷകള്‍ക്കും ഇപ്പോള്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കുന്നുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ്, മറ്റ് ഉന്നത തസ്തികകള്‍ എന്നിവയിലേക്കാണ് മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കാത്തത്. ചോദ്യങ്ങള്‍ മലയാളത്തില്‍ തയാറാക്കുന്നതിനു സഹായകമായ പുസ്തകങ്ങള്‍, റഫറന്‍സുകള്‍ എന്നിവയുടെ ലഭ്യതക്കുറവാണ് അധ്യാപകര്‍ക്കു പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്നാണ് മനസിലാക്കുന്നത്. അതു മറികടക്കാന്‍ പറ്റിയാല്‍ പിഎസ്‌സിക്കു മറ്റ് എതിര്‍പ്പുകളില്ലെന്ന് സക്കീര്‍ വ്യക്തമാക്കി.

പ്രായോഗിക ബുദ്ധിമുട്ടുകള്‍ എങ്ങനെ മറികടക്കും എന്നതു പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിഷയമായി. അതിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി അറിയിക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com