സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും ; ഒരാഴ്ച വിശ്രമം വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിശോധനയ്ക്ക് വിധേയനാകണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്
സി എം രവീന്ദ്രന്‍ ( ഫെയ്‌സ്ബുക്ക് ചിത്രം)
സി എം രവീന്ദ്രന്‍ ( ഫെയ്‌സ്ബുക്ക് ചിത്രം)


തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സി എം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനം. രാവിലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗമാണ് രവീന്ദ്രനെ ഇന്നു തന്നെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. ഒരാഴ്ച വിശ്രമവും നിര്‍ദേശിച്ചിട്ടുണ്ട്. 

ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലായിരുന്നു രവീന്ദ്രന്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തില്‍ പരിശോധനയ്ക്ക് വിധേയനാകണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. കടുത്ത തലവേദന, കഴുത്ത് വേദന മറ്റ് കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് രവീന്ദ്രന്‍ ചികില്‍സ തേടിയത്. 

വീട്ടില്‍ പൂര്‍ണ വിശ്രമം വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുള്ളത്. സി എം രവീന്ദ്രന്റെ രോഗനിര്‍ണയം നടത്തുന്നതിനായി എംആര്‍ഐ സ്‌കാന്‍ അടക്കമുള്ള വിശദ പരിശോധനകള്‍ നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നു. 

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍പ് രണ്ടുതവണ എന്‍ഫോഴ്‌സ്‌മെന്റ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യത്തെ തവണ കോവിഡ് ബാധയെ തുടര്‍ന്നും രണ്ടാമത്തെ തവണ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നും രവീന്ദ്രന്‍ ഹാജരായിയിരുന്നില്ല. മൂന്നാം തവണയും ഹാജരാകാതിരുന്ന രവീന്ദ്രന്‍, ഇന്നലെ രണ്ടാഴ്ചത്തെ സാവകാശം തേടി ഇഡിക്ക് ഇമെയില്‍ സന്ദേശം അയക്കുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com