വെല്‍ഫെയര്‍ ബന്ധത്തില്‍ കോണ്‍ഗ്രസില്‍ അടി കൊഴുക്കുന്നു ; മതേതര സംഘടനയെന്ന് മുരളീധരന്‍; അല്ലെന്ന് മുല്ലപ്പള്ളി

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തന്റെ അറിവോടെയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയല്‍ ചിത്രം
കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയല്‍ ചിത്രം


തിരുവനന്തപുരം : വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തന്റെ അറിവോടെയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കോ സഖ്യമോ ഇല്ല. കെപിസിസി അധ്യക്ഷനെന്ന നിലയില്‍ ഇതിന് നിര്‍ദേശിച്ചിട്ടില്ല. 

ജമാ അത്തെ ഇസ്ലാമി മതേതരമാണെന്ന നിലപാട് എഐസിസിക്ക് ഇല്ല. വെല്‍ഫെയര്‍ പാര്‍ട്ടി മതേതര പാര്‍ട്ടിയാണെന്ന അഭിപ്രായം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 

കെ മുരളീധരനെപ്പോലെ അനുഭവ സമ്പത്തുള്ള നേതാവിന് മറുപടി പറയാനാവില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കുപോക്കിന് ധാരണയുണ്ടായിരുന്നു എന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. 

ജമാ അത്തെ ഇസ്ലാമി മതേതര സംഘടനയാണെന്നും, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം യുഡിഎഫിന് നേട്ടമുണ്ടാക്കിയെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. മതരാഷ്ട്രവാദമെന്ന നയം ജമാ അത്തെ ഇസ്ലാമി മാറ്റിയിട്ടുണ്ട്. പ്രാദേശിക തലത്തില്‍ നീക്കുപോക്കുണ്ടാക്കിയാല്‍ പ്രവര്‍ത്തകര്‍ അനുസരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. 

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിനെ അനുകൂലിച്ച് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും രംഗത്തു വന്നിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com