'കോടികളാണ് ഓഫർ ചെയ്തത്, എനിക്ക് അത് വേണ്ട, ഞാനിപ്പഴും കോളനിയിലാണ് കിടക്കുന്നത്'- അഭയ കേസിലെ ദൃക്സാക്ഷി അടയ്ക്കാ രാജു

'കോടികളാണ് ഓഫർ ചെയ്തത്, എനിക്ക് അത് വേണ്ട, ഞാനിപ്പഴും കോളനിയിലാണ് കിടക്കുന്നത്'- അഭയ കേസിലെ ദൃക്സാക്ഷി അടയ്ക്കാ രാജു
അടയ്ക്കാ രാജു/ വീഡിയോ ദൃശ്യം
അടയ്ക്കാ രാജു/ വീഡിയോ ദൃശ്യം

കോട്ടയം: തന്റെ കുഞ്ഞിന് നീതി കിട്ടിയെന്നും താൻ ഭയങ്കര ഹാപ്പിയാണെന്നും സിസ്റ്റർ അഭയ കേസിലെ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു. സിസ്റ്റർ അഭയകേസിൽ പ്രതികൾ കുറ്റക്കാരെന്ന് വിധിച്ചുകൊണ്ടുളള തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി അറിഞ്ഞ പ്രധാന സാക്ഷിയായ രാജു മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

'കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ എന്റെ കുഞ്ഞിന് നീതി കിട്ടി. ഞാൻ ഭയങ്കര ഹാപ്പിയാണ്. ഒരുപാട് പേര് എന്നെ സ്വാധീനിക്കാൻ ശ്രമിച്ചതാണ്. കോടികളാണ് ഓഫർ ചെയ്തത്. ഞാൻ ഒന്നും വാങ്ങിയില്ല. ഒരു രൂപ പോലും എനിക്ക് വേണ്ട ഞാനിപ്പഴും കോളനിക്ക് അകത്താണ് കിടക്കുന്നത്. എന്റെ കുഞ്ഞിന് നീതി കിട്ടി. കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാണ്'- രാജു പറഞ്ഞു.  

'കൊച്ചിന് ഒരു നീതി കിട്ടണം. നീതി കിട്ടിയില്ലേ അതുമതി. എനിക്കും പെമ്പിള്ളേരുണ്ട്. എന്റെ അയൽവക്കത്തും ഉണ്ട്. അവർക്കാർക്കും ഒരു ദോഷമുണ്ടാകരുത്. ഇത്രയും വയസ് വരെ വളർത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അതുകൊണ്ട് എന്റെ കുഞ്ഞിന് നീതി കിട്ടണം. അതെന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എനിക്ക് വളരെയധികം സന്തോഷമുണ്ട്'- അടയ്ക്കാ രാജു കൂട്ടിച്ചേർത്തു.

കേസിൽ ഏറ്റവും നിർണായകമൊഴിയായിരുന്നു ദൃക്‌സാക്ഷിയായ അടയ്ക്കാ രാജുവിന്റേത്. അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായി മഠത്തിൽ കയറിയപ്പോൾ ഫാദർ തോമസ് കോട്ടൂരിനെയും ഫാദർ ജോസ് പുതൃക്കയിലിനെയും മഠത്തിൽ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. ഒരു മോഷ്ടാവിന്റെ മൊഴി എത്രത്തോളം വിശ്വാസയോഗ്യമാണെന്ന തരത്തിലുളള വാദങ്ങൾ പ്രതിഭാഗം ഉയർത്തിയിരുന്നു. ദൈവമാണ് അടയ്ക്കാ രാജുവിന്റെ രൂപത്തിൽ ദൃക്‌സാക്ഷിയായതെന്ന് ജോമോൻ പുത്തൻ പുരയ്ക്കൽ വിധി വന്ന ശേഷം അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com