അമ്മയ്ക്ക് ചെലവിന് നല്‍കാന്‍ തയ്യാറല്ല; മകനെ ജയിലില്‍ അടക്കാന്‍ ട്രിബ്യൂണല്‍ ഉത്തരവ് 

ഒരു മാസത്തെ തടവ് ശിക്ഷയാണ് മകന് ഒറ്റപ്പാലം മെയിന്റനൻസ് ട്രിബ്യൂണലിന്റെ ചുമതലയുള്ള സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സബ് കളക്ടർ അർജുൻ പാണ്ഡ്യൻ വിധിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഒറ്റപ്പാലം: അമ്മയ്ക്ക് ചെലവിന്‌ നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന മകനെതിരെ ഒറ്റപ്പാലം മെയിന്റനൻസ് ട്രിബ്യൂണലിന്റെ നടപടി. ഒരു മാസത്തെ തടവ് ശിക്ഷയാണ് മകന് ഒറ്റപ്പാലം മെയിന്റനൻസ് ട്രിബ്യൂണലിന്റെ ചുമതലയുള്ള സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സബ് കളക്ടർ അർജുൻ പാണ്ഡ്യൻ വിധിച്ചത്. 

ട്രിബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഷൊർണൂർ ചുഡുവാലത്തൂർ സ്വദേശിയായ 57-കാരനെ അറസ്റ്റുചെയ്തു. ഷൊർണൂർ ചുഡുവാലത്തൂർ സ്വദേശിയായ 75-കാരി 2019 ജൂലായ് ഏഴിനാണ് പരാതിയുടെ ട്രിബ്യൂണലിനെ സമീപിച്ചത്. മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന 2007-ലെ നിയമപ്രകാരമാണ് നടപടി.

ചുഡുവാലത്തൂരിലെ ഇവരുടെ വീടിന്‌ സമീപമാണ് മൂത്തമകന്റെ മൺപാത്രനിർമാണച്ചൂള പ്രവർത്തിക്കുന്നത്. അവിടെ നിന്നുള്ള പുക കാരണം ശ്വാസംമുട്ടലും മറ്റും ഉണ്ടാകുന്നു. മറ്റുമക്കൾ പരിപാലിക്കുന്നുണ്ടെങ്കിലും മൂത്തമകൻ സംരക്ഷണത്തിനായി ഒന്നും ചെയ്യുന്നില്ലെന്നുമാണ് അമ്മയുടെ പരാതി. അമ്മയുടെയും മക്കളുടെയും തുല്യാവകാശത്തിലുള്ള വീട് ഭാഗംവെക്കാനും മൂത്തമകൻ അനുവദിച്ചിരുന്നില്ല. ഇതുമൂലം സർക്കാർ പദ്ധതിയിൽ വീടുവെക്കാൻ ആകുന്നില്ലെന്നും 75-കാരി നൽകിയ പരാതിയിൽ പറയുന്നു. 

പ്രശ്‌നപരിഹാരത്തിന് ചർച്ചകളിലൂടെ ട്രിബ്യൂണൽ ശ്രമിച്ചെങ്കിലും മൂത്തമകൻ വഴങ്ങിയില്ല. മെയിന്റനൻസ് ട്രിബ്യൂണൽ ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ അന്വേഷണാടിസ്ഥാനത്തിൽ മൂത്തമകനോട് മാസത്തിൽ 4,000 രൂപയും മറ്റുരണ്ട്‌ മക്കളോട് 3,000 രൂപവീതവും അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കോ മണിയോർഡറായോ അയയ്ക്കാൻ മെയിന്റനൻസ് ട്രിബ്യൂണൽ കഴിഞ്ഞ സെപ്റ്റംബർ 23-ന് ഉത്തരവിട്ടു.

എന്നാൽ, ഇത്‌ പാലിക്കാൻ മൂത്തമകൻ തയ്യാറായില്ല. ഇതോടെയാണ് മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന 2007-ലെ നിയമത്തിലെ അഞ്ച് (എട്ട്) വകുപ്പുപ്രകാരം അറസ്റ്റ്‌ ചെയ്ത് തടവിലാക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുകൂടിയായ ഒറ്റപ്പാലം സബ് കളക്ടർ ഉത്തരവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com