ടോമിന്‍ തച്ചങ്കരി പൊതു റോഡ് കയ്യേറി സ്വകാര്യ ഭൂമിയാക്കി; കോടതി വിധിയുണ്ടായിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം പൊലീസിനെ ഉപയോഗിച്ച് തടഞ്ഞു, ആരോപണവുമായി നാട്ടുകാര്‍

ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി കോര്‍പ്പറേഷന്‍ റോഡ് കയ്യേറി സ്വകാര്യ ഭൂമിയാണെന്ന് പറഞ്ഞ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നുവെന്ന് ആരോപണം
ടോമിന്‍ തച്ചങ്കരി പൊതു റോഡ് കയ്യേറി സ്വകാര്യ ഭൂമിയാക്കി; കോടതി വിധിയുണ്ടായിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം പൊലീസിനെ ഉപയോഗിച്ച് തടഞ്ഞു, ആരോപണവുമായി നാട്ടുകാര്‍

കൊച്ചി: ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി കോര്‍പ്പറേഷന്‍ റോഡ് കയ്യേറി സ്വകാര്യ ഭൂമിയാണെന്ന് പറഞ്ഞ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുവെന്ന് ആരോപണം. കോര്‍പറേഷന്‍ റോഡാണെന്ന് കോടതി വിധിയുണ്ടായിട്ടും, നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സമ്മതിക്കാതെ നാട്ടുകാര്‍ക്കെതിരെ കേസ് കൊടുത്തു  എന്നാണ് ആരോപണം. 

പാലാരിവട്ടം കുളത്തുങ്കല്‍ ബാവാ റോഡ്‌- നളന്ദ ലിങ്ക് റോഡാണ് അനധികൃതമായി കയ്യേറി എന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇരുവശത്തുമായി എണ്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്നതും ഒരു വിദ്യാലയവും പ്രാഥമികാരോഗ്യ കേന്ദ്രവും സ്ഥിതി ചെയ്യുന്ന റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ ഭൂമിയാണെന്ന് കാണിച്ച് തടയുകയാണെന്ന്‌ വാര്‍ഡ് കൗണ്‍സിലര്‍ അജി ഫ്രാന്‍സിസ് സമകാലിക മലയാളത്തോട് പറഞ്ഞു. 

തച്ചങ്കരിയുടെ ഭാര്യയുടെയും മറ്റ് ചിലരുടെയും പേരിലാണ് റോഡിന് ഇരുവശവുമുള്ള അഞ്ച് ഏക്കറോളമുള്ള ഭൂമി. തകര്‍ന്ന റോഡ് നവീകരിക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തിയപ്പോള്‍ തടസ്സവാദവുമായി തച്ചങ്കരിയുടെ ആളുകള്‍ എത്തുകയായിരുന്നു. ഇതിന് പിന്നാലെ മുന്‍സിഫ് കോടതിയെയും ജില്ലാ കോടതിയെയും സമീപിച്ചെങ്കിലും തച്ചങ്കരിക്ക് അനുകൂല വിധി ലഭിച്ചില്ല. ഇതിനിടെ കറാറുകാരന്‍ പിന്‍മാറുകയും ചെയ്തു. ഇതിന് പിന്നാലെ നാട്ടുകാര്‍ സ്വന്തം നിലയ്ക്ക് റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഇത് തടയാനായി വന്‍ പൊലീസ് സന്നാഹത്തെ വിളിച്ചുവരുത്തി നാട്ടുകാര്‍ക്ക് എതിരെ കേസെടുപ്പിച്ചു. നാല്‍പ്പതോളം പേര്‍ക്ക് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സ്വകാര്യ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചതിനും പരാതിക്കാരെ അസഭ്യം പറഞ്ഞതിനും നാലുപേര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ് സമകാലിക മലയാളത്തോട് വ്യക്തമാക്കി.
 

'ഭീഷണിയും പൊലീസിനെ കാട്ടി വിരട്ടലും'

നേരത്തെയുണ്ടായിരുന്ന റോഡിന് ഇരുവശവുമായി ഭൂമി വാങ്ങിക്കൂട്ടിയ തച്ചങ്കരി, യാത്രാക്ലേശം പരിഹരിക്കാനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി, പൊലീസിനെ ഉപയോഗിച്ച് അതിക്രമം കാട്ടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. എസിപി ലാല്‍ജിയുടെ നേതൃത്വത്തിലാണ് പൊലീസ് നാട്ടുകാരെ തടഞ്ഞത്.

'കോടതി പറയുന്നത് പൊതു റോഡാണ് എന്നാണ്. പക്ഷേ പൊലീസ് തച്ചങ്കരിയുടെ ഭാഗത്താണ് നില്‍ക്കുന്നത്. സ്ഥലം വാങ്ങിയ ശേഷം തച്ചങ്കരി റോഡ് വളച്ചുകെട്ടി. അന്ന് മേയര്‍ ആയിരുന്ന ദിനേശ് മണിയുടെ നേതൃത്വത്തില്‍ ഇത് പൊളിച്ചുകളഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്'-നാട്ടുകാരനായ ലെനിന്‍ പറയുന്നു. 

'കോടതി വിധിയുണ്ടായിട്ടും തോന്ന്യാസം'
 

'സ്വകാര്യ ഭൂമിയല്ലെന്നും കോര്‍പറേഷന്‍ വക റോഡാണെന്നും ജില്ലാ കോടതി വിധിയുണ്ട്. കോര്‍പ്പറേഷന്‍ കൃത്യമായ രേഖകള്‍ കാണിച്ചതിന് ശേഷമാണ് കോടതി അങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. തച്ചങ്കരി ഭൂമി വാങ്ങുന്നതിന് മുന്‍പ് തന്നെ അവിടെ റോഡുണ്ട്. സ്‌കൂളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും പോകുന്ന റോഡാണിത്. മഴ പെയ്തുകഴിഞ്ഞാല്‍ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയായതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തണം എന്ന നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരമാണ് കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ ഉന്നതാധികാരം ഉപയോഗിച്ച് തച്ചങ്കരി ഇത് തടയുകയായിരുന്നു'- വാര്‍ഡ് കൗണ്‍സിലര്‍ അജി ഫ്രാന്‍സിസ് പറയുന്നു. 

'ജനകീയാസൂത്രണത്തിന്റെ കീഴില്‍ ടെന്റര്‍ ചെയ്താണ് കോര്‍പ്പറേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അപ്പോഴാണ് ഇദ്ദേഹം തടസ്സവുമായി വന്നത്. കുളം പോലെയാണ് റോഡ്. മഴ വന്നുകഴിഞ്ഞാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകാന്‍ പറ്റാത്ത അവസ്ഥയാണ്. പ്രശ്‌നം അത്രയും ദുരന്തമായതിന് ശേഷമാണ് നാട്ടുകാര്‍ സ്വമേധയാ രംഗത്തിറങ്ങിയത്. അസിസ്റ്റന്റ് കമ്മീഷണര്‍ മൂന്നുവണ്ടി പൊലീസുമായി വന്നാണ് പ്രശ്‌നം സൃഷ്ടിച്ചത്. ഇപ്പോഴും അവിടെ പൊലീസ് കാവലുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്'.- അജി ഫ്രാന്‍സിസ് പറയുന്നു. 

'ഇദ്ദേഹം ഭൂമി വാങ്ങുന്നതിന് മുന്‍പ് അവിടെ കോര്‍പ്പറേഷന്‍ ഫണ്ട് ഉപയോഗിച്ച് കാന നിര്‍മ്മിച്ചിരുന്നു. അത് പൊതുവഴിയാണ്,അങ്ങനെ തന്നെ നിലനിര്‍ത്തേണ്ടതുണ്ട്. വേറേ പേരുകളിലാണ് കച്ചങ്കരി പരാതി നല്‍കിയിരിക്കുന്നത്,. അദ്ദേഹം ഒരിടത്തും നേരിട്ട് രംഗത്ത് വന്നിട്ടില്ല. മൂന്നു ലോഡ് മെറ്റല്‍പ്പൊടി കുഴിയിലിട്ടതിനാണ് ഇത്രയും വലിയ പൊലീസ് സന്നാഹുവമായി അസി. കമ്മീഷണര്‍ എത്തി നിര്‍ത്തിവയ്പ്പിച്ചത്. മൂന്നാമത്തെ തവണയാണ് കോര്‍പ്പറേഷന്‍ ഈ റോഡ് വൃത്തിയാക്കാനായി ഫയല്‍ ശരിയാക്കുന്നത്. റോഡ് നിര്‍മ്മിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് കാട്ടി എന്തുകൊണ്ട് കോര്‍പ്പറേഷന്‍ പൊലീസിനെ സമീപിച്ചില്ലെന്നാണ് അസി.കമ്മീഷണര്‍ ചോദിച്ചത്.'

'കാന നിറഞ്ഞു കവിഞ്ഞ് ആകെ വെള്ളക്കെട്ടും ദുര്‍ഗന്ധവുമാണ്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കയറി കാന വൃത്തിയാക്കേണ്ട കാര്യം കോര്‍പ്പറേഷനില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്തടിസ്ഥാനത്തിലാണ് സ്വകാര്യ റോഡാണ് എന്ന് അവകാശപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല. ദുര്‍ഗന്ധം കാരണം നളന്ദ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സമാധാനമായി ഇരുന്ന് പഠിക്കാനോ, ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥ-അജി ഫ്രാന്‍സിസ് പറയുന്നു.

അഞ്ചേക്കറോളം ഭൂമിയാണ് തച്ചങ്കരി ഭാര്യയുടെയും മറ്റു ചിലരുടെയും പേരില്‍ പ്രദേശത്ത് വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇത് പല സ്ഥാപനങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസ്സിക്കുന്ന ഷെഡ്ഡുകളുടെ കക്കൂസ് മാലിന്യം കാനയിലേക്ക് നേരിട്ട് ഒഴുക്കിവിടുകയാണെന്നും നാട്ടുകാര്‍ ആക്ഷേപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com