

തിരുവനന്തപുരം: കിടപ്പുരോഗികളുടെ പരിചരണ ചുമതലയും ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക്. ഇപ്പോൾ തുടക്കം കുറിക്കുന്ന വാതിൽപ്പടി സേവനത്തിന്റെ അടുത്തഘട്ടമായിട്ടാവും കിടപ്പുരോഗികളടക്കം അവശത അനുഭവിക്കുന്നവർക്ക് പരിചരണം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക. സാമൂഹിക സന്നദ്ധസേന മുഖേനയാണ് സേവനം നടപ്പാക്കേണ്ടത്.
തദ്ദേശസ്ഥാപനങ്ങളുടെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കേണ്ടത്. കിടപ്പുരോഗികളെ ദിവസവും സന്ദർശിച്ച് ദിനചര്യ നിർവഹിക്കുന്നതിനടക്കമുള്ള സഹായം നൽകും. സന്നദ്ധപ്രവർത്തകർക്ക് ഇതിനായി ദിനബത്ത അനുവദിക്കും. സാന്ത്വന സാന്നിധ്യമാണ് മറ്റൊന്ന്. വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്നവരെ സന്ദർശിച്ച് മാനസികോല്ലാസം പകരാൻ എൻഎസ്എസ് വൊളന്റിയർമാരെ പ്രയോജനപ്പെടുത്തും.
കൂട്ടിരിപ്പുസേവനമാണ് മറ്റൊന്ന്. ആശുപത്രിയിൽ കൂടെപ്പോകാൻ ആളില്ലാത്തവർക്ക് കൂട്ടുപോകുകയും മരുന്നുംമറ്റും വാങ്ങിനൽകുകയും ചെയ്യും. വീട്ടുകാർക്ക് അസൗകര്യമുള്ളപ്പോൾ ആശുപത്രിയിലും വീട്ടിലും കൂട്ടിരിക്കാനും സന്നദ്ധപ്രവർത്തകരെ നിയോഗിക്കും. ഇവർക്ക് യാത്രച്ചെലവും ദിനബത്തയും അനുവദിക്കും.
ഭക്ഷ്യസുരക്ഷയിലും പ്രാധാന്യം നൽകുന്നു. എല്ലാവർക്കും ഭക്ഷണം ഉറപ്പുവരുത്തിക്കൊണ്ടാണ് പ്രവർത്തനം. ജനകീയ ഹോട്ടലിൽ നിന്നുൾപ്പെടെ ഭക്ഷണം എത്തിക്കും. ഓരോ ഗുണഭോക്താവിനും നിശ്ചയിക്കപ്പെട്ട സേവനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഐഡന്റിറ്റി കമ്യൂണിറ്റി കാർഡ് ഉണ്ടായിരിക്കും. പ്രവർത്തനങ്ങൾ വിലയിരുത്താൻ തദ്ദേശസ്ഥാപന സെക്രട്ടറിയുടെ നേതൃത്വത്തിൽ ആരോഗ്യം, പോലീസ്, ഐ.സി.ഡി.എസ്., അക്ഷയകേന്ദ്രം, അയൽക്കൂട്ട പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി സമിതി ഉണ്ടായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates