'മകളെ പുഴയിലേക്ക് തള്ളിയിട്ടു, എന്നാല്‍ ആത്മഹത്യ ചെയ്യാനായില്ല'; കുറ്റസമ്മതം നടത്തി സനു മോഹന്‍

മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍
സനു മോഹന്‍, ഹോട്ടലില്‍ നിന്ന് ലഭിച്ച സിസി ടിവി ദൃശ്യം
സനു മോഹന്‍, ഹോട്ടലില്‍ നിന്ന് ലഭിച്ച സിസി ടിവി ദൃശ്യം

കൊച്ചി: വൈഗയുടെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി സനു മോഹന്‍. ഞായറാഴ്ച പിടിയിലായ സനു മോഹനെ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് വൈഗയുടെ മരണത്തിന് പിന്നില്‍ താനാണെന്ന് മൊഴി നല്‍കിയത്. 

മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ മകളെ പുഴയിലേക്ക് തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാന്‍ കഴിഞ്ഞില്ല എന്നാണ് സനു മോഹന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 

കാര്‍വാറിലെ ബീച്ച് പരിസരത്ത് നിന്നാണ് ഞായറാഴ്ച പൊലീസ് സനു മോഹനെ പിടികൂടിയത്. ഗോവ ലക്ഷ്യമാക്കിയാണ് മൂകാംബികയില്‍ നിന്ന് സനു മോഹന്‍ സഞ്ചരിച്ചത്. കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജില്‍ നിന്നുള്ള സനുവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ വ്യാപകമാക്കിയിരുന്നു. 

മാര്‍ച്ച് 20നാണ് സനു മോഹനെയും മകള്‍ വൈഗയെയും (13) കാണാതായത്. പിറ്റേന്ന് വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സനുവും ആത്മഹത്യ ചെയ്തതാകാം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കാര്‍ കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തി. രണ്ടാഴ്ചയോളം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനെടെയാണ് ഇയാള്‍ മൂംകാംബിയിലെ ഹോട്ടലില്‍ താമസിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

ഏപ്രില്‍ 10 മുതല്‍ 16ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു.
മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്‌മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.വെള്ളിയാഴ്ച രാവിലെ ഹോട്ടല്‍ വിട്ട സനു, വനപ്രദേശത്ത് നീങ്ങിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. വിമാന താവളങ്ങളില്‍ ഉള്‍പ്പെടെ കര്‍ണാടക പൊലീസിന്റെ സഹായത്താല്‍ വ്യാപക തെരച്ചിലാണ് അന്വേഷണ സംഘം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com