കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയ സംഭവം: ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2021 08:02 PM  |  

Last Updated: 03rd December 2021 08:02 PM  |   A+A-   |  

covid vaccination in KERALA

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു.ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ ജെപിഎച്ച്എന്‍ ഗ്രേഡ് 2 ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ഡിഎംഒയോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡിഎംഒ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒ മന്ത്രിക്ക് കൈമാറി. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

15-ാം വയസ്സില്‍ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പിനായി എത്തിയ 2 കുട്ടികള്‍ക്കാണ് വാക്‌സിന്‍ മാറി കുത്തിവെച്ചത്. തെറ്റായി വാക്‌സിന്‍ കുത്തിവച്ചതിനെത്തുടര്‍ന്ന് ഇരുവരും ഉഴമലയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയായിരുന്നു.

സുഹൃത്തുക്കളായ വിദ്യാര്‍ഥിനികള്‍ ഒന്നിച്ചാണ് വാക്‌സിന്‍ എടുക്കാന്‍ എത്തിയത്. 15-ാം വയസ്സിലെ കുത്തിവയ്പ് എടുക്കാനായി ഒപി ടിക്കറ്റ് എടുത്തെങ്കിലും വിദ്യാര്‍ഥിനികള്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കുന്ന സ്ഥലത്തേക്ക് അറിയാതെ എത്തുകയായിരുന്നു. കുട്ടികള്‍ വീട്ടിലെത്തി ഇക്കാര്യം പറഞ്ഞതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തി കാര്യം തിരക്കുകയായിരുന്നു. പരിശോധനയില്‍ ഇരുവര്‍ക്കും കോവിഡ് വാക്‌സിനാണ് കുത്തിവെച്ചതെന്ന് കണ്ടെത്തി.