സന്ദീപിന്റെ മരണകാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവ്, കഴുത്തില്‍ വെട്ടേറ്റ പാട്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2021 04:37 PM  |  

Last Updated: 03rd December 2021 04:37 PM  |   A+A-   |  

sandeep murder case

സന്ദീപ് കുമാര്‍

 

പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം നേതാവ് സന്ദീപ് കുമാറിന്റെ മരണകാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ആഴത്തിലുള്ള പത്തിലേറെ മുറിവുകളുണ്ട്. കഴുത്തിലടക്കം വെട്ടേറ്റ പാട് ഉണ്ടെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ.

അതിനിടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു. അഞ്ചാമത്തെ പ്രതിയായ വേങ്ങല്‍ സ്വദേശി അഭിയെ ഉച്ചയോടെ എടത്വായില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. കൊലപാതകത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി സിപിഎം ആരോപിക്കുന്നുണ്ട്.

പെരിങ്ങര ലോക്കല്‍ സെക്രട്ടറിയും മുന്‍  പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാറിനെ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കൊലപ്പെടുത്തിയത്. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ അക്രമി സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. 

കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പുറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചു. നിലതെറ്റി റോഡില്‍ വീണ് എഴുന്നേല്‍ക്കുന്നതിനിടെ  കുത്തിവീഴ്ത്തി. നെഞ്ചത്തും പുറത്തുമായി  നിരവധി  കുത്തേറ്റു. കൈയ്ക്കും കാലിനും  വെട്ടുമുണ്ട്.  കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. 

സംഭവത്തില്‍ നാലുപ്രതികളെ ഇന്ന് രാവിലെയാണ് പിടികൂടിയത്. ഒളിവില്‍ പോയ അഞ്ചാമത്തെ പ്രതിയാണ് ഉച്ചയോടെ പിടിയിലായത്. തിരുവല്ല സ്വദേശികളായ ജിഷ്ണു, നന്ദു, ചങ്ങനാശ്ശേരി സ്വദേശി പ്രമോദ്, കണ്ണൂര്‍ സ്വദേശി ഫൈസല്‍ ( ജിനാസ്) എന്നിവരാണ് രാവിലെ പിടിയിലായത്. ആലപ്പുഴയിലെ കരുവാറ്റയില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.