ഏഴു യുവതികള്‍ അടക്കം 17 പേരെ തിരിച്ചറിഞ്ഞു; ലഹരിപ്പാര്‍ട്ടി നടന്ന  ഫ്ലാറ്റുകളില്‍ പരിശോധന; സൈജുവിനെതിരെ കുരുക്ക് മുറുക്കി പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2021 07:58 AM  |  

Last Updated: 04th December 2021 07:58 AM  |   A+A-   |  

saiju_thankachan_models_death1

അൻസി കബീർ,സൈജു തങ്കച്ചൻ ,അഞ്ജന ഷാജൻ

 

കൊച്ചി: മോഡലുകളുടെ അപകടമരണക്കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്റെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ  ഫ്ലാറ്റുകളില്‍ പൊലീസ് പരിശോധന. ലഹരിപാര്‍ട്ടികള്‍ നടന്നതായി വെളിപ്പെടുത്തിയ ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ  ഫ്ലാറ്റുകളിലാണ് പരിശോധന നടത്തിയത്. ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ വൈദഗ്ധ്യം ലഭിച്ച ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന. 

സൈജു തങ്കച്ചന്റെ മൊബൈല്‍ഫോണില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പൊലീസ് പരിശോധന നടത്തിയ  ഫ്ലാറ്റുകളിലൊന്ന് സൈജു തങ്കച്ചന്റേതാണ്. അതിനിടെ, ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തു. ലഹരിപാര്‍ട്ടി നടന്ന പ്രദേശങ്ങളിലെ ഏഴു സ്റ്റേഷനുകളിലാണ് കേസെടുത്തത്. ഏഴു യുവതികള്‍ അടക്കം 17 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

സൈജുവിന്റെ മൊബൈല്‍ ദൃശ്യങ്ങളിലുള്ള ഇവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഇവരില്‍ പലരുടേയും മൊബൈല്‍ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും പൊലീസ് സൂചിപ്പിച്ചു. കൊച്ചി കമ്മീഷണറേറ്റിന് കീഴില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സൈജുവിനെതിരെ 9 കേസുകള്‍ എടുത്തിട്ടുണ്ട്. ഇടുക്കി വെള്ളത്തൂവല്‍ പൊലീസും സൈജുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാട്ടുപോത്തിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വനംവകുപ്പിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 

സൈജുവിന്‍റെ ഈ കുറ്റസമ്മത മൊഴിയുടെയും വിഡീയോകളുടെയും  അടിസ്ഥാനത്തിലാണ് മയക്കുമരുന്ന പാര്‍ട്ടികൾ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ  പ്രത്യേകം കേസെടുത്തത്. മോഡലുകൾ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലില്‍ കഴിഞ്ഞ  വര്‍ഷം ഏപ്രിലില്‍ സൈജു മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ കേസും ഇതിലുള്‍പ്പെടും.വീഡിയോ ദൃശ്യങ്ങളില്‍ കണ്ടാലറിയാവുന്ന സുഹൃത്തുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്. മൂന്ന് പേര്‍ മാത്രമാണ് ഇത് വരെ മൊഴി നല്‍കാനെത്തിയത്. ഇനിയും ഹാജരായില്ലെങ്കില്‍ ഇവര്‍ക്ക് ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം നോട്ടീസ് നല്‍കാനാണ് പൊലീസിന്‍റെ തീരുമാനം.