വെള്ളാപ്പള്ളിയുടെ സാരഥ്യത്തിന് കാല്‍ നൂറ്റാണ്ട്; ഒരു വര്‍ഷം നീളുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു നാളെ തുടക്കം

വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി, എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളില്‍ കാല്‍ നൂറ്റാണ്ടു പൂര്‍ത്തായാക്കുന്നു
വെള്ളാപ്പള്ളി നടേശന്‍/ഫയല്‍
വെള്ളാപ്പള്ളി നടേശന്‍/ഫയല്‍

ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി, എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളില്‍ കാല്‍ നൂറ്റാണ്ടു പൂര്‍ത്തായാക്കുന്നു. ഇതോട് അനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു നാളെ തുടക്കമാകും. 

1996ല്‍ വെള്ളാപ്പള്ളി നടേശന്‍ സ്ഥാനമേല്‍ക്കുന്നതിനു മുന്‍പ് എസ്എന്‍ഡിപി യൂണിയന് 3882 ശാഖകളും 58 യൂണിയനുകളും ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 6456 ശാഖകളും 138 യൂണിയനുകളും നിലവിലുണ്ടെന്നു യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമുദായത്തിലെ ഭവനരഹിതര്‍ക്കു വീട്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഉന്നതപഠന സൗകര്യം, ജനറല്‍ സെക്രട്ടറിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് കൂടുതല്‍ സഹായം, ശാഖായോഗം സെക്രട്ടറിമാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, സ്‌കില്‍ഡ് ലേബര്‍ ബാങ്ക്, ന്യൂജെന്‍ പഠന കോഴ്‌സുകള്‍ തുടങ്ങിയവ നടപ്പാക്കും.

രജതജൂബിലിയോട് അനുബന്ധിച്ചുള്ള സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നാളെ വൈകിട്ട് 4നു ചേര്‍ത്തല എസ്എന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും.

സിവില്‍ സര്‍വീസ് ട്രെയിനിങ് പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഭവന നിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിര്‍വഹിക്കും. ശിവഗിരി മഠം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, കേന്ദ്രമന്ത്രി വി.മുരളീധരന്‍, മന്ത്രി പി.പ്രസാദ്, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രജതജൂബിലി ആഘോഷ ഭാഗമായി 238 സമ്മേളനങ്ങള്‍ ഒരേസമയം വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, ആഘോഷ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ കെ.പത്മകുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ. സിനില്‍ മുണ്ടപ്പള്ളി, രാജേഷ് നെടുമങ്ങാട്, അനിരുദ്ധ് കാര്‍ത്തികേയന്‍ എന്നിവര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com