ഫോട്ടോഷൂട്ടിന് എത്തി, മോഡലിനെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2021 07:51 AM  |  

Last Updated: 06th December 2021 07:51 AM  |   A+A-   |  

police investigation

പ്രതീകാത്മക ചിത്രം

 

കൊച്ചി : ഫോട്ടോഷൂട്ടിന് എത്തിയ മലപ്പുറം സ്വദേശിനിയായ മോഡലിനെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി സലിംകുമാര്‍ (33) ആണ് പിടിയിലായത്. കേസിലെ മറ്റു പ്രതികളായ അജ്മല്‍, ഷമീര്‍ എന്നിവര്‍ ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. 

കൊച്ചിയില്‍ ഫോട്ടോഷൂട്ടിന് എത്തിയ മോഡലിന്  മുന്‍ പരിചയക്കാരനായ സലിംകുമാര്‍ കാക്കനാട് ഇടച്ചിറയിലെ ലോഡ്ജില്‍ താമസം ശരിയാക്കി നല്‍കി. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മല്‍, ഷമീര്‍, സലീംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. 

യുവതിക്ക് പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നല്‍കി അര്‍ധമയക്കത്തിലാക്കിയ ശേഷമായിരുന്നു പീഡനം. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ പീഡിപ്പിച്ചു. കേസില്‍ ലോഡ്ജ് ഉടമ അടക്കമുള്ളവര്‍ പ്രതികളാകുമെന്നാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ഇന്‍ഫോ പാര്‍ക്ക് പൊലീസ് വ്യക്തമാക്കി.